വിന്നിപെഗ്: സൗത്ത് വിന്നിപെഗിലെ അബിനോജി മികനാഹ – റിവർ റോഡ് ജംഗ്ഷനിൽ റോഡ് പണി നടക്കുന്നതിനാൽ സെപ്റ്റംബർ 21 മുതൽ മൂന്ന് ആഴ്ചത്തേക്ക് പ്രദേശത്ത് നഗരസഭ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 21 രാവിലെ 7 മണി മുതൽ ഒക്ടോബർ 9 വൈകിട്ട് 6 മണിവരെയാണ് റോഡ് അടച്ചിടലും നിയന്ത്രണങ്ങളും നിലവിലുണ്ടാകുക. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയായതിനാലാണ് സുഗമമായ നിർമ്മാണത്തിനും സുരക്ഷയ്ക്കുമായി നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
പെംബിന ഹൈവേ മുതൽ സെന്റ് മേരീസ് റോഡ് വരെയുള്ള അബിനോജി മികനാഹയിൽ ഇരുവശത്തേക്കും ഓരോ ലെയ്ൻ വഴി മാത്രമായിരിക്കും വാഹനം കടത്തിവിടുക. ഇതോടെ റിവർ റോഡിലേക്കുള്ള ഇടത് തിരിവ് പൂർണ്ണമായും നിരോധിച്ചു. കിഴക്കോട്ടുള്ള വാഹനങ്ങൾക്ക് റിവർ റോഡിലേക്കുള്ള വലത് തിരിവും താൽക്കാലികമായി അടയ്ക്കും. കൂടാതെ, അബിനോജി മികനാഹ ജംഗ്ഷനിൽ റിവർ റോഡ് പൂർണ്ണമായി അടയ്ക്കുന്നതിനാൽ വാഹനങ്ങൾ നിർബന്ധമായും വലത്തോട്ട് തിരിഞ്ഞു പോകേണ്ടിവരും. കാൽനടയാത്രയ്ക്കും വിലക്കുണ്ട്.
Also Read: കാനഡയിലെ മിനിമം വേതനത്തിൽ മാറ്റം; ഈ അഞ്ച് പ്രവിശ്യകളിൽ ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ
പ്രദേശത്തെ പ്രധാന ജംഗ്ഷനിലെ തകരാറുകൾ പരിഹരിച്ച് യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനാണ് ഈ പുനരുദ്ധാരണ ജോലി നടത്തുന്നത്. നിർമ്മാണം നടക്കുന്ന മൂന്ന് ആഴ്ചകളിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രാപദ്ധതികൾ തയ്യാറാക്കണമെന്നും സാധ്യമായ സ്ഥലങ്ങളിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും നഗരഭരണകൂടം അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









