വിന്നിപെഗ്: മക്ഗിൻ ഗില്ലി സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് അയക്കുന്നതിന് മുൻപ്, വിന്നിപെഗിലെ ഹെൽത്ത് സയൻസസ് സെന്റർ (HSC) എമർജൻസി വിഭാഗത്തിൽ നാലാം ഘട്ട കാൻസർ ബാധിതയായ 70-കാരിക്ക് നേരിടേണ്ടി വന്നത് ദാരുണമായ അനുഭവം. നാലാം ഘട്ട ശ്വാസകോശ, മസ്തിഷ്ക കാൻസർ ബാധിതയായ കൊളീൻ ടിറ്റാനിച്ച് എന്ന വയോധികയ്ക്കാണ് മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിലെ ഇടനാഴിയിലെ സ്ട്രെച്ചറിൽ വേദന തിന്ന് കഴിയേണ്ടി വന്നത്. രോഗിയുടെ മകൾ തെരേസ ചാനോവ്സ്കിയാണ് മാനിറ്റോബയിലുള്ള ഹെൽത്ത് സയൻസസ് സെന്ററിനെതിരെ കടുത്ത അമർഷവുമായി രംഗത്തെത്തിയത്. അത്യാഹിത വിഭാഗത്തിലെ തിരക്കും പരിചരണത്തിലെ വീഴ്ചയും രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് തെരേസ ആരോപിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊളീൻ ടിറ്റാനിച്ചിന്റെ ആരോഗ്യം അതിവേഗം മോശമാവുകയും തുടര്ന്ന് ആംബുലൻസ് മാർഗ്ഗം ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. എന്നാൽ, ആശുപത്രിയിൽ എത്തിയ രോഗിക്ക് ഡോക്ടറെ കാണാൻ 21 മുതൽ 24 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ജീവനക്കാർ അറിയിച്ചത്. അതിഭീകരമായ തിരക്കനുഭവപ്പെട്ട അത്യാഹിത വിഭാഗത്തിൽ, ലഹരിമുക്തി ലക്ഷണങ്ങൾ കാണിച്ച രോഗികൾ നഴ്സുമാർക്ക് നേരെ തട്ടിക്കയറുകയും തുപ്പുകയും ചെയ്യുന്ന അസഹ്യമായ സാഹചര്യത്തിലാണ് ഗുരുതരാവസ്ഥയിലുള്ള തന്റെ അമ്മയ്ക്ക് കിടക്കേണ്ടി വന്നതെന്ന് തെരേസ പറഞ്ഞു. പുലർച്ചെ 2:30-നും 6:00-നും ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴും ഡോക്ടറുടെ പരിശോധന നടന്നിരുന്നില്ല. ഒടുവിൽ രോഗിയുടെ മകൾ സംസ്ഥാന ആരോഗ്യ മന്ത്രിയെ നേരിട്ട് ഫോണിൽ വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ഇടനാഴിയിൽ നിന്ന് മാറ്റി ഐസൊലേഷൻ കിടക്ക നൽകാനും തുടർന്ന് സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനും അധികൃതർ തയ്യാറായത്.
സംഭവത്തിന് പിന്നാലെ, മാനിറ്റോബ ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര മാധ്യമങ്ങളെ കണ്ട് അത്യാഹിത വിഭാഗങ്ങളിലെ നീണ്ട കാത്തിരിപ്പ് സമയം അംഗീകരിക്കാനാവാത്തതാണെന്ന് സമ്മതിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമ പരിഹരിക്കാനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, വർഷങ്ങളായി നിലനിൽക്കുന്ന ഈ കടുത്ത പ്രതിസന്ധി ഒറ്റരാത്രികൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ലഹരിമരുന്ന് ഉപയോഗം മൂലം അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും, ഇത് വയോധികരും കുട്ടികളും ഉൾപ്പെടുന്ന മറ്റ് ഗുരുതര രോഗികളുടെ ചികിത്സ വൈകാതിരിക്കാൻ സഹായിക്കുമെന്നും രോഗിയുടെ കുടുംബം ആവശ്യപ്പെട്ടു.
Manitoba Health Crisis: Cancer Patient Waits 21 Hours
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








