വിന്നിപെഗ്: ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ടായ കനത്ത പ്രളയത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കായി മാനിറ്റോബ പ്രവിശ്യാ സര്‍ക്കാര്‍ പുതിയ ‘ഫ്ലഡ് റിക്കവറി ഗ്രാന്റ്’ പ്രോഗ്രാം പ്രഖ്യാപിച്ചു. മതിയായ ഇൻഷുറൻസ് കവറേജ് ഇല്ലാത്തവര്‍ക്കും ഇൻഷുറൻസ് എടുക്കാത്തവര്‍ക്കും പ്രളയത്തിലുണ്ടായ നഷ്ടം നികത്താനും വീടുകള്‍ പുനഃസ്ഥാപിക്കാനും തുക ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റീജിയണൽ എമർജൻസി മാനേജ്‌മെന്റ് ഓർഗനൈസേഷന്റെ (EMO) പരിശോധനയ്ക്ക് ശേഷം അര്‍ഹരായ പ്രളയബാധിതര്‍ക്ക് നേരിട്ടാണ് തുക വിതരണം ചെയ്യുക.
ജൂൺ 6 മുതൽ ജൂലൈ 1 വരെയുള്ള കാലയളവിൽ വെള്ളപ്പൊക്ക ദുരിതമനുഭവിച്ച വിവിധ മുനിസിപ്പാലിറ്റികളിലെ നിവാസികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നേരത്തെ ‘ഡിസാസ്റ്റർ ഫിനാൻഷ്യൽ അസിസ്റ്റൻസ്’ (DFA) പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചവർ പുതിയ ഗ്രാന്റിനായി വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. വീടുകളുടെ ശുചീകരണം, ബേസ്‌മെന്റ് അറ്റകുറ്റപ്പണികള്‍, കേടുപാടുകൾ തീർക്കൽ എന്നിവയ്ക്കാണ് പ്രധാനമായും സാമ്പത്തിക സഹായം നൽകുന്നത്. 2026 സെപ്റ്റംബർ 9 ആണ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി.
പദ്ധതി പ്രകാരം ഒരൊറ്റ ക്ലെയിമിന് പരമാവധി 30 ലക്ഷം ഡോളർ വരെ സഹായം ലഭ്യമാകും. താമസക്കാരുടെ അടിയന്തര ആവശ്യങ്ങൾ, താൽക്കാലിക താമസം, ഗാർഹിക ഉപകരണങ്ങൾ മാറ്റൽ എന്നിവയ്‌ക്കാണ് മുൻഗണന നൽകുന്നത്. അതേസമയം നീന്തൽക്കുളങ്ങൾ, കലാസൃഷ്ടികൾ, സെക്കൻഡ് ഹോമുകൾ തുടങ്ങിയ ആഡംബര വസ്തുക്കൾക്ക് സഹായം ലഭിക്കില്ല. ഭാവിയിലെ സുരക്ഷ മുന്നിൽക്കണ്ട് ഗുണഭോക്താക്കൾ നിർബന്ധമായും ഇൻഷുറൻസ് സംരക്ഷണത്തിലേക്ക് മാറണമെന്നും ഇത് ഒറ്റത്തവണയായി നൽകുന്ന പ്രത്യേക ധനസഹായമാണെന്നും മാനിറ്റോബ റിക്കവറി ആൻഡ് മിറ്റിഗേഷൻ ഡയറക്ടർ എറിൻ റോബിൻസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Relief for flood victims: Manitoba government announces new flood recovery grant scheme.






