മാനിറ്റോബ: മാനിറ്റോബയിലെ സപോട്ടവയാക് ക്രീ നേഷൻ പ്രദേശത്ത് 21-കാരൻ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. മോസസ് കാംപോ എന്ന യുവാവാണ് മരിച്ചത്. സെപ്റ്റംബർ 9-ന് രാത്രി ബന്ധുവിന്റെ അനുശോചന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു ഈ സംഭവം. വഴിയിൽ ഗുരുതരമായ പരിക്കുകളോടെ കിടന്ന മോസസിനെ പ്രദേശവാസികളായ രണ്ട് സ്ത്രീകൾ കണ്ടെത്തുകയും, തുണികൾ കൊണ്ട് മുറിവുകൾ കെട്ടി സി.പി.ആർ നൽകി രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആംബുലൻസ് എത്താൻ രണ്ടു മണിക്കൂറോളം വൈകിയെന്നും, ഒന്നര മണിക്കൂറോളം ജീവനായി പൊരുതിയ ശേഷമാണ് മോസസ് മരണത്തിന് കീഴടങ്ങിയതെന്നും കുടുംബം വ്യക്തമാക്കുന്നു.
തുടക്കത്തിൽ കൊലപാതകമെന്ന് സംശയിച്ചെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വന്യജീവി ആക്രമണമാണ് മരണകാരണമെന്ന് ആർ.സി.എം.പി (RCMP) സ്ഥിരീകരിച്ചു. പ്രദേശത്ത് കരടികളുടെ ശല്യം രൂക്ഷമാണെന്നും, കരടി തന്നെയാകാം മോസസിനെ ആക്രമിച്ചതെന്നും അമ്മ പോള കാംപോ ആരോപിക്കുന്നു. എന്നാൽ മുന്നറിയിപ്പുകൾ നൽകിയിട്ടും പ്രദേശത്ത് കെണികൾ സ്ഥാപിക്കാൻ കൺസർവേഷൻ ഉദ്യോഗസ്ഥർ തയാറായില്ലെന്നും അമ്മ കുറ്റപ്പെടുത്തി. നിലവിൽ ഗ്രാമവാസികൾ തന്നെ രാത്രികാല പട്രോളിംഗും സുരക്ഷാ ക്രമീകരണങ്ങളും നടത്തുകയാണ്.
ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!
അതേസമയം, പ്രവിശ്യാ വക്താവ് നൽകുന്ന വിശദീകരണമനുസരിച്ച് പ്രാഥമിക അന്വേഷണത്തിൽ കരടിയുടെ ആക്രമണം തള്ളിക്കളഞ്ഞിട്ടുണ്ട്. നായയോ ചെന്നായയോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. സംഭവത്തിൽ വനംവകുപ്പിന്റെയും പോലീസിന്റെയും അന്വേഷണം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









