മക്കെൻസി: ബ്രിട്ടീഷ് കൊളംബിയയിലെ മക്കെൻസിക്ക് സമീപം ഹൈവേ 39-ൽ ബസ് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയോടെയാണ് ഈ അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിവരം ലഭിച്ച ഉടൻ തന്നെ പോലീസ്, അഗ്നിശമന സേന, പാരാമെഡിക്കൽ സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്തേക്ക് എത്തി.
അപകടത്തെ തുടർന്ന് മക്കെൻസി ആൻഡ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ അടിയന്തര സാഹചര്യമായ ‘കോഡ് ഓറഞ്ച്’ പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് നോർത്തേൺ ഹെൽത്ത് അതോറിറ്റി ഈ തീരുമാനം എടുത്തത്. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുതര പരിക്കില്ലാത്തവർ അത്യാഹിത വിഭാഗ സന്ദർശനം താൽക്കാലികമായി ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജീവന് ഭീഷണിയുള്ള കേസുകൾക്ക് മാത്രമായിരിക്കും ഇപ്പോൾ മുൻഗണന നൽകുന്നത്.
സംഭവസ്ഥലത്ത് എയർ ആംബുലൻസ് അടക്കം കൂടുതൽ സൗകര്യങ്ങൾ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ബിസി ആർസിഎംപി കമ്മീഷണർ ബ്രെറ്റ് യുറാനോ അറിയിച്ചു. എത്രപേർ ബസ്സിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ലഭ്യമായ വിവരങ്ങൾ ഉടൻ തന്നെ പരസ്യപ്പെടുത്തുമെന്നും ഏജൻസി വ്യക്തമാക്കി.
അപകടത്തെ തുടർന്ന് ഹൈവേ 39-ലെ 11300 ബ്ലോക്കിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനവും തെളിവ് ശേഖരണവും നടക്കുന്നതിനാൽ റോഡ് മണിക്കൂറുകളോളം അടച്ചിടേണ്ടി വരുമെന്നാണ് പോലീസ് നൽകുന്ന സൂചന. നിലവിൽ ഈ വഴിക്ക് മറ്റ് ബദൽ മാർഗ്ഗങ്ങളൊന്നും ലഭ്യമായിട്ടില്ല. അതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യക്കാർ യാത്ര തിരിക്കും മുൻപ് ഡ്രൈവ് ബിസി വെബ്സൈറ്റ് പരിശോധിച്ച് റോഡ് വിവരങ്ങൾ ഉറപ്പാക്കേണ്ടതാണ്.
അപകടത്തിൽപ്പെട്ടത് പ്രദേശത്തെ സ്കൂൾ ബസ് ആണെന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ തങ്ങളുടെ സ്കൂൾ ബസിന് പങ്കില്ലെന്ന് മക്കെൻസി സെക്കൻഡറി സ്കൂൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരായിരിക്കുന്നു എന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിൽപ്പെട്ടവരെ സഹായിക്കാനും പിന്തുണ നൽകാനുമായി ഒരു സ്കൂൾ ബസ് സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിചേർത്തു.
Also Read : എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം
റോഡിൽ നിന്ന് ബസ് നിയന്ത്രണം വിട്ടു മറിയാനുണ്ടായ കാരണം പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. പ്രദേശത്ത് നിലവിലുണ്ടായിരുന്ന കാലാവസ്ഥയും റോഡിന്റെ സ്ഥിതിയും അന്വേഷണ പരിധിയിൽ വരും. പരിക്കേറ്റവരുടെ വിവരങ്ങളും ആരോഗ്യനിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രക്ഷാപ്രവർത്തനത്തിനാണ് പ്രാദേശിക ഭരണകൂടം കൂടുതൽ മുൻഗണന നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





