ലാൻസ്‌ഡൗൺ സ്റ്റേഷൻ: നോവ സ്കോഷ്യയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിൽ നിന്ന് കാണാതായ ലില്ലി സുള്ളിവൻ (6), ജാക്ക് സുള്ളിവൻ (4) എന്നീ സഹോദരങ്ങൾക്കായി ഒരു വർഷത്തിന് ശേഷവും തിരച്ചിൽ തുടരുന്നു. 2025 മേയ് രണ്ടിന് ഗെയർലോക്ക് റോഡിലെ വീട്ടിൽ നിന്നാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഞായറാഴ്ച സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വനമേഖലയിൽ വീണ്ടും വിപുലമായ പരിശോധന നടത്തിയത്.
ഒന്റാരിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പ്ലീസ് ബ്രിങ് മി ഹോം’ (Please Bring Me Home) എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പുതിയ ഘട്ട തിരച്ചിൽ. ഏകദേശം 50 പേരടങ്ങുന്ന സംഘം ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഉൾവനങ്ങളിൽ പരിശോധന നടത്തി. മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ‘കഡാവർ’ നായകളെയും തിരച്ചിലിനായി നിയോഗിച്ചിരുന്നു. 2025 നവംബർ മുതൽ കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഈ സംഘടന പോലീസിനൊപ്പം സഹകരിച്ചു വരികയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കര, ജല, വ്യോമ മാർഗങ്ങളിലൂടെ പോലീസ് നിരവധി തവണ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. കുട്ടികളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് നോവ സ്കോഷ്യ പ്രവിശ്യാ ഭരണകൂടം 1,50,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ വനമേഖല കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനകളിൽ നിന്ന് എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും നാട്ടുകാരും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Lily-Jack disappearance: Police intensify search even after a year; Re-examination in forest area




