കേരളത്തിന്റെ വിപുലമായ തീരദേശ സാധ്യതകളും തുറമുഖ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു പ്രമുഖ മാരിടൈം ശക്തിയായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതി വി. ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ, മറ്റ് ജലസ്രോതസ്സുകൾ എന്നിവയെ പരസ്പരം സംയോജിപ്പിച്ചാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിൽ തനതായ ഒരു സ്ഥാനത്ത് എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 400 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കേരളത്തെ ഒരു പ്രമുഖ ‘പോർട്ട് സിറ്റി’യായി മാറ്റുന്നതിനൊപ്പം റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റികൾ എന്നിവയെ കോർത്തിണക്കി സമഗ്രമായ ഒരു മാരിടൈം സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാത, വിഴിഞ്ഞം-നാവായികുളം ഔട്ടർ റിങ് റോഡ് എന്നീ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമ്മാണ പ്രവർത്തനങ്ങളും ദ്രുതഗതിയിലാക്കും. കൂടാതെ, വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റുമായി പ്രത്യേക നിർമ്മാണ മേഖലകൾ, സ്റ്റഫിങ് സെന്ററുകൾ, ഡ്രൈ പോർട്ടുകൾ എന്നിവയും സ്ഥാപിക്കുന്നതാണ്.
ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനത്തിലേക്ക് മാറുന്ന പശ്ചാത്തലം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്, ഗ്രീൻ ബങ്കറിങ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. മദർഷിപ്പുകളുടെ നിർമ്മാണവും അവയുടെ അറ്റകുറ്റപ്പണികളും ലക്ഷ്യമിട്ട് പുതിയ കപ്പൽ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനായി സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ഈ പദ്ധതികളിലൂടെ രൂപപ്പെടുന്ന തൊഴിലവസരങ്ങളിൽ തീരദേശവാസികളായ സാധാരണക്കാർക്ക് സംവരണം ഏർപ്പെടുത്തുമെന്നത് ജനകീയമായ ഒരു മാതൃകയാണ്. ഇതിനൊപ്പം വിഴിഞ്ഞം, കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ വികസനവും ഘട്ടങ്ങളായി നടപ്പിലാക്കും.
സംസ്ഥാനത്ത് സമഗ്രമായ ഒരു മാരിടൈം നയം രൂപീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം എന്നിവയ്ക്ക് ഈ നയം രൂപരേഖ നൽകും. ഇതിന്റെ ഭാഗമായി ഒരു മാരിടൈം മ്യൂസിയം സ്ഥാപിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വൻകിട-ചെറുകിട തുറമുഖങ്ങളെയും ജലാശയങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് ചരക്ക്-യാത്രാ ഗതാഗതത്തിനായി ഒരു ഏകീകൃത ജലഗതാഗത ശൃംഖല സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
VD Satheesan’s Mission Samudra: Kerala Maritime Hub
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









