പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ചേരും. മന്ത്രിമാർ ചുമതലയുള്ള വിവിധ ജില്ലകളിലായതിനാൽ ഓൺലൈനായാണ് യോഗം നടക്കുക. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ സമിതിയിൽ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ എന്നിവരാണ് അംഗങ്ങൾ. നേരത്തെ രണ്ടുതവണ ചേർന്ന യോഗങ്ങളുടെ തുടർച്ചയായാണ് അന്തിമ യോഗം. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ പുരോഗതിയും സർക്കാരിന് സമർപ്പിക്കേണ്ട റിപ്പോർട്ടിന്റെ അന്തിമ രൂപവും യോഗത്തിൽ ചർച്ച ചെയ്യും.
പദ്ധതി നടപ്പിലാക്കുമ്പോഴുള്ള സിലബസ് നിർണയം, പദ്ധതിക്കായി സ്കൂളുകളെ തിരഞ്ഞെടുക്കൽ എന്നിവയാണ് ഉപസമിതി പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി നടത്തേണ്ട ആശയവിനിമയങ്ങൾ സംബന്ധിച്ചും യോഗത്തിൽ ധാരണയാകും. ഉപസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായി ചില കാര്യങ്ങളിൽ സംസ്ഥാനത്തിന് വ്യത്യസ്തമായ അഭിപ്രായമുണ്ടെന്നും ഉപസമിതി റിപ്പോർട്ട് വന്ന ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച കരാറായതിനാൽ പദ്ധതിയിൽ നിന്ന് പെട്ടെന്ന് പിന്മാറാനാകില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്. സംസ്ഥാനത്തിന് അർഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് യു.ഡി.എഫ് കൺവീനർ നേരത്തെ ന്യായീകരിച്ചിരുന്നു. അതേസമയം, പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്ത യു.ഡി.എഫ്, അധികാരത്തിലെത്തിയപ്പോൾ എൽ.ഡി.എഫിനെ പഴിചാരി പദ്ധതിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
PM Shri Scheme: Final meeting of Cabinet Sub-Committee today; Report to be submitted soon
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




