തിരുവനന്തപുരം: അർഹമായ നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി (LPST) റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. അനിശ്ചിതകാല സമരം 29 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 11 മണിയോടെ സെക്രട്ടറിയേറ്റ് വളഞ്ഞ് മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്ക് നീതി ഉറപ്പാക്കുക, ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുക, തൊഴിലവസരങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എൽപിഎസ്ടി, പിഎസ്‌സി ഉദ്യോഗാർഥികൾക്ക് പുറമെ വിവിധ യുവജന സംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളാകും.
കഴിഞ്ഞ അഞ്ചു ദിവസമായി ഉദ്യോഗാർത്ഥികൾ സമരപ്പന്തലിൽ നിരാഹാര സമരം അനുഷ്ഠിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നിരാഹാരമിരുന്ന ഉദ്യോഗാർത്ഥിയെ സ്ഥലത്തുനിന്ന് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും മറ്റ് പ്രതിഷേധക്കാർ ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റ് വളയൽ സമരം പൊളിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സെക്രട്ടറിയേറ്റ് പരിസരത്ത് ശക്തമായ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്ന് മാസം പിന്നിടുമ്പോഴും റാങ്ക് ഹോൾഡർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും വേക്കൻസികൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പ്രായപരിധി കഴിയുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. വിഷയം ഉന്നയിച്ച് മന്ത്രിതലത്തിൽ ആറ് വട്ടം ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ലെന്നും മന്ത്രിമാരെ കണ്ടെങ്കിലും ചർച്ചയ്ക്കുള്ള അവസരം പോലും ഒരുക്കിയില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
LPST rank holders to intensify strike; will surround the secretariat and form a human chain
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




