വാഷിങ്ടൺ: ഗുരുതര സുരക്ഷാപ്രശ്നങ്ങൾ മുൻകൂട്ടി അറിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ മാറ്റിവെച്ചതായി മുൻ ജീവനക്കാർ പരാതിപ്പെട്ടതോടെ വിവാദത്തിലായിരിക്കുകയാണ് അമേരിക്കയിലെ പ്രമുഖ സാംസ്കാരിക-കലാകേന്ദ്രമായ ജോൺ എഫ്. കെന്നഡി സെന്റർ.

കെന്നഡി സെന്ററിലെ മുന്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ഡേവിഡ് സീഡ് കോണ്‍ഗ്രസിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ മാറ്റ് ഫ്‌ലോക്ക മുന്‍ഗണന നല്‍കിയില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ ഫ്‌ലോക്ക നിഷേധിച്ചു. ഈ വേനല്‍ക്കാലത്ത് നടത്തിയ പരിശോധനകളിലാണ് കെട്ടിടത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.
മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെന്ന കാര്യം വര്‍ഷങ്ങളായി അറിയാമായിരുന്നെങ്കിലും ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി ഈ വേനല്‍ക്കാലത്താണ് മനസ്സിലായതെന്ന് ഫ്‌ലോക്ക വ്യക്തമാക്കി.
ALSO READ: ടംബ്ലർ റിഡ്ജ് വെടിവയ്പ്പ്; ചാറ്റ് ജിപിടിയുടെ സുരക്ഷാ വീഴ്ചകളിൽ അന്വേഷണം
ഏപ്രിലില്‍ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചിട്ടില്ലെന്നും കൂടുതല്‍ സമഗ്രമായ പദ്ധതിയിലേക്ക് മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പദ്ധതിക്കായി കരാറുകാരന്‍ നല്‍കിയ ചെലവ് പ്രതീക്ഷിച്ചതിന്റെ ഏകദേശം മൂന്നിരട്ടിയായതിനെ തുടര്‍ന്നാണ് പദ്ധതി മാറ്റിയതെന്നും വിശദീകരിച്ചു.
കെട്ടിടത്തിലെ മേല്‍ക്കൂരയുടെ ഭാഗം തകരുകയും മേല്‍ക്കൂരയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഈ മാസം കെന്നഡി സെന്റര്‍ താല്‍ക്കാലികമായി അടച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യതയുണ്ടായിരുന്നെന്ന് ഫ്‌ലോക്ക കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറഞ്ഞിരുന്നു.
കെന്നഡി സെന്ററിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 2025-ലെ നിയമനിര്‍മാണത്തിലൂടെ കോണ്‍ഗ്രസ് 257 മില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു.
അതേസമയം, അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ച പണം കെന്നഡി സെന്റര്‍ നേതൃത്വം കൈവശം വച്ചിരിക്കുകയായിരുന്നെന്ന് ആരോപിച്ച് റോഡ് ഐലന്‍ഡ് സെനറ്റര്‍ ഷെല്‍ഡന്‍ വൈറ്റ്ഹൗസും രംഗത്തെത്തി. സെന്ററിലെ സാമ്പത്തിക നടത്തിപ്പിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ക്കായി കെന്നഡി സെന്റര്‍ അനിശ്ചിതകാലത്തേക്ക് അടച്ചതും ഇതിനിടെ വിവാദമായി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട് സെന്ററിന്റെ നേതൃത്വത്തിലും പേരിലും ഉണ്ടായ മാറ്റങ്ങള്‍ക്കിടെയാണ് അടച്ചുപൂട്ടല്‍ ഉണ്ടായത്.
കെട്ടിടത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിന് 30 ദിവസം മുമ്പ് അറിയിക്കണമെന്ന് യുഎസ് ജില്ലാ ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പര്‍ കെന്നഡി സെന്ററിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അടച്ചുപൂട്ടലും അടിയന്തര അറ്റകുറ്റപ്പണികളും സംബന്ധിച്ച റിപ്പോര്‍ട്ടും സെന്റര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Kennedy Center Repairs Delayed’




