ടൊറന്റോ: ഒന്റാറിയോയിൽ പരിസ്ഥിതി നിയമങ്ങളും മീൻപിടിത്ത ചട്ടങ്ങളും ലംഘിച്ച നാല് യുവാക്കൾക്ക് കോടതി വൻ തുക പിഴ ചുമത്തി. നോർത്ത് യോർക്ക് സ്വദേശികളായ നികോള മിറാബെല്ലി, തൊമാസോ മിറാബെല്ലി, ആൻഡ്രിയ ബാർട്ടുച്ചി, ഫ്രാങ്ക് റൈമണ്ടോ എന്നിവർക്കാണ് കോടതി ആകെ 4,000 ഡോളറിലധികം (ഏകദേശം മൂന്നര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തിയത്. ലൈസൻസില്ലാതെ മീൻ പിടിക്കുക, നിശ്ചിത അളവിലും കൂടുതൽ വലുപ്പമുള്ള മീനുകളെ കൈവശം വെക്കുക, തടാകത്തിലെ മഞ്ഞുമലയിൽ മാലിന്യങ്ങൾ തള്ളുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
ഹെയ്‌ലിബറി കോടതിയിലാണ് ഇതുസംബന്ധിച്ച കേസ് വിചാരണയ്‌ക്കെത്തിയത്.
കാനഡയിലെ പ്രശസ്തമായ ലേഡി എവലിൻ തടാകത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രകൃതിവിഭവ മന്ത്രാലയത്തിലെ (MNR) കൺസർവേഷൻ ഉദ്യോഗസ്ഥർ നടത്തിയ പതിവ് മഞ്ഞു വണ്ടി (സ്നോമൊബൈൽ) പട്രോളിംഗിനിടയിലാണ് നിയമലംഘനം കണ്ടെത്തിയത്. തടാകത്തിൽ മീൻപിടിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത എട്ട് ‘ലേക്ക് ട്രൗട്ട്’ മീനുകളിൽ നാലെണ്ണം നിയമപരമായി അനുവദിച്ച പരിധിയിലും കൂടുതൽ വലുപ്പമുള്ളവയായിരുന്നു.
കൂടാതെ, സംഘത്തിലെ ഒരാൾക്ക് മീൻപിടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും ഇയാൾ അനധികൃതമായി രണ്ട് മീനുകളെ പിടികൂടി കൈവശം വെച്ചതായും പരിശോധനയിൽ തെളിഞ്ഞു. പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ ഉദ്യോഗസ്ഥർ, ഇവരുടെ മഞ്ഞു വണ്ടിയുടെ ട്രാക്കുകൾ പിന്തുടർന്ന് തടാകത്തിന്റെ പിൻഭാഗത്തേക്ക് നീങ്ങി. അവിടെ മഞ്ഞുപാളികൾക്ക് മുകളിൽ വൻതോതിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികൾ തടാകക്കരയിൽ മാലിന്യം തള്ളിയതാണെന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ശക്തമായ ഒരു തെളിവും ഇവിടെ നിന്നും ലഭിച്ചു.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഒരു മീനിന്റെ വാലിന്റെ പകുതി ഭാഗം മുറിഞ്ഞുപോയ നിലയിലായിരുന്നു. ഈ മുറിഞ്ഞ ഭാഗം മഞ്ഞുപാളിയിൽ ഉപേക്ഷിച്ച മാലിന്യങ്ങൾക്കിടയിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇതോടെ പരിസരം മലിനമാക്കിയത് ഈ സംഘം തന്നെയാണെന്ന് വ്യക്തമാവുകയും തുടർന്ന് ഉദ്യോഗസ്ഥർ തന്നെ ഈ മാലിന്യങ്ങൾ അവിടെനിന്ന് നീക്കം ചെയ്യുകയുമായിരുന്നു.
ice-fishing-trip-cost-toronto-anglers-over-4k-in-fines
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





