റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരേ വീണ്ടും ഹൂത്തി ആക്രമണം. ചൊവ്വാഴ്ച കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ടവറിന് നേരേയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് സൗദി പൗരന്മാരും നാല് ഈജിപ്ത് സ്വദേശികളും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടുന്നു.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഈ കൂറ്റൻ ടവർ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകുന്നത്. നേരത്തെ കഴിഞ്ഞ വ്യാഴാഴ്ചയും സമാനമായ ആക്രമണമുണ്ടാവുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പുതിയ ആക്രമണത്തിലും കെട്ടിടത്തിന്റെ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തകരും സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂത്തി ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി മുന്നറിയിപ്പ് നൽകി.
Also Read: പി.ആർ വേഗത്തിലാകുമോ? ലക്ഷ്യം തികയ്ക്കാൻ കാനഡയ്ക്ക് ഇനി വേണ്ടത് 1,27,800 പേരെ; നിർണായകമായി 3 മാസം
ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റ വിവരം റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും പ്രവാസികൾ പ്രാദേശിക നിയമങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണമെന്നും എംബസി അറിയിച്ചു. ആക്രമണത്തെ യുഎഇയും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയും ഉൾപ്പെടെയുള്ളവർ ശക്തമായി അപലപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





