ഡബ്ലിൻ: ഈ ശൈത്യകാലത്ത് അയർലൻഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് ആശ്വാസവാർത്ത. പ്രത്യേക ഐറിഷ് വിസയില്ലാതെ അയർലൻഡിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്ന ‘ഷോർട്ട്-സ്റ്റേ വിസ വെയ്വർ പ്രോഗ്രാം’ 2026 ഡിസംബർ 31 വരെ നീട്ടി. ഒക്ടോബർ 31-ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയാണ് ക്രിസ്മസ്, പുതുവത്സര അവധിക്കാലം പ്രമാണിച്ച് രണ്ടുമാസത്തേക്ക് കൂടി നീട്ടിയത്. അയർലൻഡ് ആഭ്യന്തര-കുടിയേറ്റ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
യോഗ്യതയുള്ള യുകെ ഹ്രസ്വകാല സന്ദർശക അല്ലെങ്കിൽ ബിസിനസ് വിസയുള്ള ഇന്ത്യക്കാർക്ക് ഇതുവഴി റിപ്പബ്ലിക് ഓഫ് അയർലൻഡ് സന്ദർശിക്കാം. സാധാരണഗതിയിൽ 60 മുതൽ 100 യൂറോ വരെ ചെലവ് വരുന്ന ഐറിഷ് വിസ അപേക്ഷാ ഫീസ് ഇതുവഴി ലാഭിക്കാം. 2026 ജൂൺ ഒന്നു മുതൽ ഹ്രസ്വകാല വിസ നിരസിച്ചാൽ അപ്പീൽ നൽകാനുള്ള അവകാശം അയർലൻഡ് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം ഇന്ത്യൻ സഞ്ചാരികൾക്ക് വലിയ അനുഗ്രഹമാണ്. എന്നാൽ യുകെ വിസ കൈവശമുള്ളതുകൊണ്ട് മാത്രം ഈ ആനുകൂല്യം ലഭിക്കില്ല.
യാത്രക്കാർ ആദ്യം യുകെയിൽ എത്തി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമേ അയർലൻഡിലേക്ക് കടക്കാവൂ. ഇന്ത്യയിൽ നിന്ന് നേരിട്ട് ഡബ്ലിനിലേക്ക് വിമാനം കയറുന്നവർക്ക് ഈ ഇളവ് ബാധകമല്ല. പരമാവധി 90 ദിവസം വരെയോ അല്ലെങ്കിൽ യുകെ വിസയുടെ കാലാവധി തീരുന്നതുവരെയോ അയർലൻഡിൽ തങ്ങാം. അതേസമയം ഐറിഷ് വിസ ഉപയോഗിച്ച് യുകെയിലേക്കോ വടക്കൻ അയർലൻഡിലേക്കോ പ്രവേശിക്കാൻ കഴിയില്ല. ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളിലെ പൗരന്മാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
Also Read: കാനഡയിൽ ഈ മാസം ഇനി വരാനിരിക്കുന്നത് നിരവധി പേയ്മെന്റുകൾ; ആനുകൂല്യങ്ങളും തീയതികളും അറിയാം
180 ദിവസം വരെ കാലാവധിയുള്ള സ്റ്റാൻഡേർഡ് സന്ദർശക, ബിസിനസ് വിസകൾക്ക് മാത്രമാണ് ഈ ഇളവുള്ളത്. ട്രാൻസിറ്റ് വിസകൾ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ, വിദ്യാർത്ഥി-തൊഴിൽ വിസകൾ എന്നിവയ്ക്ക് ഇത് ബാധകമല്ല. യുകെയിൽ ദീർഘകാല വിസയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പ്രത്യേക ഐറിഷ് വിസ നിർബന്ധമാണെങ്കിലും അപേക്ഷാ ഫീസിൽ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാർ ഉപയോഗിച്ച യുകെ വിസയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസരേഖകൾ, സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകൾ എന്നിവ കൈവശം കരുതണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 2026-ന് ശേഷവും പദ്ധതി തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





