വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ (Nvidia) സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയ ജെൻസൺ ഹുവാങ്ങിനെ വിചിത്രമായ എഐ (AI) ചിത്രത്തിലൂടെ വരവേറ്റ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻവിഡിയയുടെ പതാകയ്ക്ക് മുന്നിൽ ചുവന്ന ബ്രാ ഉയർത്തിപ്പിടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ജെൻസൺ ഹുവാങ്ങിന്റെ എഐ നിർമ്മിത ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തനിക്ക് നേരെയുണ്ടായ വധശ്രമത്തിന് തൊട്ടുപിന്നാലെ ട്രംപ് ഉയർത്തിയ മുഷ്ടിചുരുട്ടിയുള്ള ചിത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ട്രംപിന്റെ പെൻസിൽവാനിയ ചിത്രത്തിലേതിന് സമാനമായി ഹുവാങ്ങിന്റെ മുഖത്തും ചോരപ്പാടുകൾ കാണാം. ചുറ്റും സീക്രട്ട് സർവീസ് ഏജന്റുമാർ സുരക്ഷയൊരുക്കി നിൽക്കുന്നതായും ചിത്രത്തിലുണ്ട്. ദേശീയ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നിലനിൽക്കുമ്പോഴും ഹുവാങ്ങിനെ തൻ്റെ അടുത്ത സഖ്യകക്ഷിയായാണ് ട്രംപ് കാണുന്നതെന്നാണ് ഈ പോസ്റ്റ് സൂചിപ്പിക്കുന്നത്. വ്യക്തിപരമായ വിവാദങ്ങളെത്തുടർന്ന് ഹുവാങ്ങിന് സ്ഥാനം നഷ്ടമായതിനെ അദ്ദേഹത്തിന്റെ കരിയറിന് നേരെയുണ്ടായ ‘വധശ്രമമായും’, ഈ തിരിച്ചുവരവിനെ തന്റെ ചരിത്രപരമായ രാഷ്ട്രീയ തിരിച്ചുവരവിന് സമാനമായുമാണ് ട്രംപ് വിലയിരുത്തുന്നത്.
ഈ മീം പങ്കുവെക്കുന്നതിന് മുൻപ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് എൻവിഡിയയുടെ തീരുമാനത്തെ പ്രശംസിച്ചിരുന്നു. “തികച്ചും മികച്ചൊരു തീരുമാനമെടുത്ത എൻവിഡിയയ്ക്ക് അഭിനന്ദനങ്ങൾ!” എന്നാണ് ട്രംപ് കുറിച്ചത്. ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തെത്തുടർന്ന് നവംബർ 12-നാണ് ഹുവാങ് സിഇഒ സ്ഥാനം രാജിവെച്ചത്.
അദ്ദേഹത്തിന്റെ പടിയിറക്കം വാൾസ്ട്രീറ്റിൽ വലിയ തകർച്ചയ്ക്കും എഐ നിക്ഷേപങ്ങളെ ആശ്രയിക്കുന്ന യുഎസ് സമ്പദ്‌വ്യവസ്ഥയിൽ ആശങ്കകൾക്കും വഴിവെച്ചിരുന്നു.
കമ്പനി ബോർഡുമായി താൻ നേരിട്ടും അല്ലാതെയും സംസാരിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച ഹുവാങ്ങിനെ തിരികെ കൊണ്ടുവരാൻ എൻവിഡിയ തീരുമാനിച്ചതെന്ന് ട്രംപ് സിഎൻബിസിയോട് വ്യക്തമാക്കി. ഹുവാങ്ങിന്റെ തിരിച്ചുവരവ് വാർത്ത പുറത്തുവന്നതോടെ തിങ്കളാഴ്ച രാവിലെ യുഎസ് ഓഹരി വിപണിയിൽ വൻ കുതിപ്പുണ്ടായി. എൻവിഡിയ ഓഹരികൾ ഏകദേശം 35 ശതമാനവും ടെക് ഓഹരികൾക്ക് പ്രാമുഖ്യമുള്ള നാസ്ഡാക് ഏഴ് ശതമാനത്തോളവും ഉയർന്നു.
തുടർച്ചയായ യോഗങ്ങൾക്കൊടുവിൽ ഹുവാങ്ങിന്റെ സത്യസന്ധതയിലും നേതൃത്വപാടവത്തിലും പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയ ബോർഡ്, അദ്ദേഹത്തെ പ്രസിഡന്റ്, സിഇഒ, ബോർഡ് അംഗം എന്നീ പദവികളിലേക്ക് ഉടനടി പ്രാബല്യത്തോടെ തിരിച്ചെടുക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഹുവാങ്ങിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് യുഎസ് സർക്കാരിലെ ഉന്നത തലങ്ങളിൽ നിന്ന് ഉറപ്പ് ലഭിച്ചതായും കമ്പനി വ്യക്തമാക്കി. എൻവിഡിയയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഹുവാങ് തന്നെയാണെന്ന് ബോർഡ് ചെയർ ഹാർവി ജോൺസ് പറഞ്ഞു. ഹാർവി ജോൺസ് ചെയർമാനായും ഇടക്കാല സിഇഒ ആയിരുന്ന കോളറ്റ് ക്രെസ് സിഎഫ്ഒ ആയും തുടരും.





