നയാഗ്ര ഹെൽത്തിന് അര മില്യൺ ഡോളറിന്റെ വൻ തുക സംഭാവന നൽകി ഇന്ത്യൻ കുടുംബം. വിശ്വ ശർമ്മ, കമലേഷ് ശർമ്മ എന്നിവരും കുടുംബവുമാണ് മേഖലയിലെ ആരോഗ്യമേഖലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് നയാഗ്ര ഹെൽത്ത് ഫൗണ്ടേഷന് 5,00,000 ഡോളറിന്റെ സാമ്പത്തിക സഹായം കൈമാറിയത്. 1960-കളുടെ അവസാനത്തോടെയാണ് ശർമ്മ കുടുംബം നയാഗ്രയിലേക്ക് കുടിയേറിയത്.
മേഖലയിലെ സൗത്ത് ഏഷ്യൻ സമൂഹം വളർന്നുവരുന്ന കാലഘട്ടത്തിൽ നയാഗ്രയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം സ്ഥാപിക്കുന്നതിലും ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു. നയാഗ്ര തങ്ങൾക്ക് വളരെയധികം കാര്യങ്ങൾ നൽകിയിട്ടുണ്ടെന്നും, ഇവിടെ ജീവിതം പടുത്തുയർത്തുകയും കുട്ടികളെ വളർത്തുകയും ചെയ്തെന്നും വിശ്വ ശർമ്മയും കമലേഷ് ശർമ്മയും പറഞ്ഞു. അതിന് പകരം സമൂഹത്തിനുള്ള മികച്ച പ്രത്യുപകാരമാണ് ആരോഗ്യ മേഖലയ്ക്കുള്ള ഈ പിന്തുണയെന്നും, വരുന്ന തലമുറയ്ക്കായി നയാഗ്രയെ കൂടുതൽ ശക്തമാക്കാൻ ഈ സംഭാവന പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശർമ്മ കുടുംബം കൂട്ടിച്ചേർത്തു.
ലഭിച്ച തുക പ്രദേശത്തെ ആരോഗ്യ സേവനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, രോഗീപരിചരണം എന്നിവയുൾപ്പെടെയുള്ള മുൻഗണനാ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് നയാഗ്ര ഹെൽത്ത് വ്യക്തമാക്കി. ശർമ്മ കുടുംബത്തിന്റേത് മാതൃകാപരമായ കമ്മ്യൂണിറ്റി നേതൃത്വമാണെന്നും, ആറ് പതിറ്റാണ്ടോളമായി ഇവർ പ്രദേശത്ത് നടത്തുന്ന നിക്ഷേപങ്ങൾ ഇന്നത്തെ നയാഗ്രയെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും നയാഗ്ര ഹെൽത്ത് ഫൗണ്ടേഷൻ പ്രസിഡന്റും സി.ഇ.ഒയുമായ ആൻഡ്രിയ സ്കോട്ട് പറഞ്ഞു. കുടുംബങ്ങൾക്ക് മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ ഈ സംഭാവന സഹായിക്കുമെന്നും അവർ നന്ദിയോടെ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




