ഹാലിഫാക്സ്: നോവ സ്കോഷ്യ പ്രവിശ്യ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ ഡോക്ടർമാരുടെ ക്ഷാമത്തിന് താല്ക്കാലിക ശമനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം പ്രവിശ്യയിൽ 278 പുതിയ ഡോക്ടർമാരെ നിയമിച്ചതായി നോവ സ്കോഷ്യ പ്രീമിയർ ടിം ഹൂസ്റ്റൺ അറിയിച്ചു. വിരമിച്ചവരും പ്രവിശ്യ വിട്ടുപോയവരുമായ 79 പേരെ കുറച്ചാലും, ആകെ 199 ഡോക്ടർമാരുടെ അറ്റാദായം (Net Gain) ഇത്തവണ നേടാനായിട്ടുണ്ട്. ഇതോടെ ആരോഗ്യരംഗത്ത് കൂടുതൽ മികച്ച സേവനവും വേഗത്തിലുള്ള അപ്പോയിന്റ്മെന്റുകളും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
പുതുതായി ചുമതലയേറ്റവരിൽ 111 പേർ ഫാമിലി ഡോക്ടർമാരും 167 പേർ വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധരുമാണ് (Specialists). ഇതിൽ 33 പേർ അയൽരാജ്യമായ അമേരിക്കയിൽ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഡോക്ടർമാരെ ആകർഷിക്കുന്നതിൽ 10 ശതമാനം വർദ്ധനവാണ് പ്രവിശ്യ കൈവരിച്ചത്. കേപ് ബ്രെറ്റൺ സർവകലാശാലയിൽ ഈ വർഷം മെയ് മാസത്തിൽ ആരംഭിച്ച പുതിയ മെഡിക്കൽ സ്കൂൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഡോക്ടർമാരെ നോവ സ്കോഷ്യയിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി പ്രീമിയർ വ്യക്തമാക്കി.
മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷത്തിനൊപ്പം നോവ സ്കോഷ്യയിലെ മികച്ച ജീവിതസാഹചര്യങ്ങളും ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നുണ്ട്. ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ഇവിടുത്തെ പ്രാദേശിക സമൂഹത്തിന്റെ ഭാഗമാക്കാൻ സാധിച്ചാൽ അവർ ഇവിടെത്തന്നെ തുടരാൻ കൂടുതൽ താല്പര്യം കാണിക്കുമെന്ന് ‘ഡോക്ടേഴ്സ് നോവ സ്കോഷ്യ’ പ്രസിഡന്റ് അമാൻഡ മക്ഡൊണാൾഡ് ഗ്രീൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ നിയമന നിരക്ക് വലിയ നേട്ടമാണെന്നും, വരും വർഷങ്ങളിലും ഈ പുരോഗതി നിലനിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
പുതിയ നിയമനങ്ങൾ ആശ്വാസകരമാണെങ്കിലും പ്രതിസന്ധി പൂർണ്ണമായി മാറിയിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രവിശ്യയിൽ നിലവിൽ അറുപതിനായിരത്തോളം ആളുകളാണ് ഒരു ഫാമിലി ഡോക്ടറുടെ സേവനത്തിനായി കാത്തിരിപ്പ് പട്ടികയിലുള്ളത്. മസാച്യുസെറ്റ്സിലും സിഡ്നിയിലുമായി കഴിയുന്ന ജിം ഡെലെസ്കി എന്ന രോഗി തന്റെ അനുഭവം പങ്കുവെച്ചു, “രക്തസമ്മർദ്ദത്തിനും മൾട്ടിപ്പിൾ സ്ക്ലിറോസിസിനും (MS) മരുന്ന് കഴിക്കുന്ന എനിക്ക് നിലവിൽ ഒരു ഫാമിലി ഡോക്ടർ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
വനിതാ ആരോഗ്യം, മാനസികാരോഗ്യം തുടങ്ങിയ പ്രത്യേക മേഖലകളിൽ ഇനിയും കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യമുണ്ടെന്ന് സർക്കാർ സമ്മതിക്കുന്നു. നഴ്സ് പ്രാക്ടീഷണർമാർ, സോഷ്യൽ വർക്കർമാർ, ഫിസിഷ്യൻ അസിസ്റ്റന്റുമാർ എന്നിവർ ഡോക്ടർമാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ‘ഹെൽത്ത് ഹോം കെയർ മോഡൽ’ വിപുലീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി വരും ദിവസങ്ങളിലും കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളിലാണ് നോവ സ്കോഷ്യ സർക്കാർ.
Government to address doctor shortage in Nova Scotia with record hiring
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










