ഒന്റാരിയോ; കാനഡയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹൗ ഇന്റർനാഷണൽ ബ്രിഡ്ജ് ജൂലൈ 27ന് ഗതാഗതത്തിനായി തുറക്കാനിരിക്കെ, പാലവുമായി ബന്ധപ്പെട്ട പുതിയ കരാറിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മാർക്ക് കാർണി. പാലത്തിന്റെ ടോൾ വരുമാനത്തിൽ നിന്ന് ആദ്യം നിർമാണച്ചെലവും കടബാധ്യതകളും തിരിച്ചടച്ച ശേഷമേ ശേഷിക്കുന്ന തുക പങ്കിടുകയുള്ളൂവെന്നും, അതിനാൽ അമേരിക്കയുമായി പങ്കിടേണ്ടിവരുന്ന യഥാർഥ ലാഭം വളരെ പരിമിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കരാർ കാനഡയ്ക്ക് ഗുണകരമാണെന്നും അതിർത്തി വ്യാപാരത്തിനും ചരക്ക് ഗതാഗതത്തിനും വലിയ നേട്ടമാകുമെന്നും കാർണി പറഞ്ഞു.
പുതിയ ധാരണപ്രകാരം, ആദ്യ 15 വർഷത്തേക്ക് ലഭിക്കുന്ന ശേഷിക്കുന്ന ടോൾ ലാഭത്തിന്റെ 50 ശതമാനം കാനഡയ്ക്കും ബാക്കി 50 ശതമാനം അതിർത്തി മേഖലയിലെ സാമ്പത്തിക വികസന ഫണ്ടിലേക്കുമാണ് മാറ്റിവെക്കുക. ടോൾ നിരക്ക് പ്രാദേശിക ശരാശരിയേക്കാൾ 10 ശതമാനത്തിലധികം വർധിപ്പിക്കാനോ അതിൽ താഴെയാക്കാനോ കാനഡ ആഗ്രഹിക്കുന്നുവെങ്കിൽ അമേരിക്കയുടെ സമ്മതവും ആവശ്യമായിരിക്കും.
2012-ൽ ഒപ്പുവെച്ച കരാറിൽ നിന്ന് വ്യത്യസ്തമായ വ്യവസ്ഥകളാണിവ. അന്നത്തെ കരാർ പ്രകാരം ഏകദേശം 6.4 ബില്യൺ ഡോളറിന്റെ മുഴുവൻ നിർമാണച്ചെലവും കാനഡ വഹിക്കുകയും, ആ നിക്ഷേപം മുഴുവൻ തിരിച്ചുകിട്ടുംവരെ ടോൾ വരുമാനത്തിന്റെ പൂർണ അവകാശവും കാനഡയ്ക്കായിരിക്കുമെന്നുമായിരുന്നു വ്യവസ്ഥ. നിക്ഷേപം തിരിച്ചുകിട്ടാൻ കുറഞ്ഞത് 50 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് അന്ന് കണക്കാക്കിയിരുന്നത്.
വിൻഡ്സറിനെയും ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഈ പാലം മാസങ്ങളായി നിർമാണം പൂർത്തിയായിരുന്നെങ്കിലും, കരാറുമായി ബന്ധപ്പെട്ട ചർച്ചകളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനങ്ങളും കാരണം ഉദ്ഘാടനം നീണ്ടുപോയിരുന്നു. പുതിയ ധാരണയ്ക്ക് പിന്നാലെ ട്രംപ് ഇത് അമേരിക്കയ്ക്ക് കൂടുതൽ അനുകൂലമായ കരാറാണെന്ന് വിശേഷിപ്പിച്ചപ്പോൾ, കരാറിന്റെ യഥാർഥ വില എന്താണെന്ന് കാനഡ സർക്കാർ പൊതുജനങ്ങളോട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
2018-ൽ നിർമാണം ആരംഭിച്ച ഗോർഡി ഹൗ പാലം വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ കേബിൾ-സ്റ്റേഡ് പാലങ്ങളിലൊന്നായി മാറും. കാനഡയിലേക്കും അമേരിക്കയിലേക്കും മൂന്ന് വീതം ഗതാഗത പാതകളുള്ള ഈ പാലം, സമീപത്തെ അംബാസഡർ ബ്രിഡ്ജിലെ തിരക്ക് കുറയ്ക്കുകയും അതിർത്തി വ്യാപാരം കൂടുതൽ വേഗത്തിലാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
Gordie Howe Bridge Contract: Mark Carney Says Canada Not at a Loss
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






