സാൻ ഫ്രാൻസിസ്കോ: ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് ജെമിനി എഐ ടൂളുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ പ്രീമിയം ലാപ്‌ടോപ്പ് വിഭാഗമായ ‘ഗൂഗിൾബുക്കിന്റെ’ പ്രീ-ഓർഡർ ഗൂഗിൾ ആരംഭിച്ചു. 899 ഡോളർ മുതലാണ് പുതിയ ലാപ്‌ടോപ്പുകളുടെ വില. ഏസർ, അസൂസ്, ഡെൽ, എച്ച്പി, ലെനോവോ എന്നീ കമ്പനികളാണ് ആദ്യഘട്ട മോഡലുകൾ പുറത്തിറക്കുന്നത്. ഇന്റൽ അല്ലെങ്കിൽ ക്വാൽകോം പ്രോസസറുകളിലായിരിക്കും ലാപ്‌ടോപ്പുകൾ പ്രവർത്തിക്കുക. 14 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നും ഗൂഗിൾ അറിയിച്ചു.
ജെമിനി എഐയുടെ സഹായത്തോടെ ടെക്സ്റ്റുകൾ തയ്യാറാക്കാനും ക്രമീകരിക്കാനും സ്ക്രീനിലെ ഉള്ളടക്കത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും ആൻഡ്രോയിഡ് ഫോണിൽ നിന്ന് കമ്പ്യൂട്ടറിൽ നേരത്തെ നിർത്തിവച്ച ജോലികൾ തുടരാനും ഗൂഗിൾബുക്കിൽ സാധിക്കും. ആൻഡ്രോയിഡ് സാങ്കേതികവിദ്യയും ക്രോംഒഎസിന്റെ ഡെസ്ക്ടോപ്പ് സംവിധാനങ്ങളും സംയോജിപ്പിച്ചാണ് പുതിയ ലാപ്‌ടോപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഫോണിനും കമ്പ്യൂട്ടറിനുമിടയിലെ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പത്തിൽ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.
അതേസമയം, കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് വിപണിയിലേക്കും ആപ്പിൾ കൂടുതൽ ശ്രദ്ധ നൽകുകയാണ്. 699 ഡോളർ വിലയുള്ള മാക്‌ബുക്ക് നിയോ പുറത്തിറക്കിയതോടെ ക്രോംബുക്ക്, വിൻഡോസ് പിസി വിപണിയിലെ മത്സരം ശക്തമാകുകയാണ്. വിദ്യാർഥികളെയും വിലയ്ക്ക് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളെയുമാണ് ഈ വിഭാഗത്തിലെ കമ്പനികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. 2017ലെ പിക്‌സൽബുക്കിനും 2019ലെ പിക്‌സൽബുക്ക് ഗോയ്ക്കും ശേഷം പ്രീമിയം ലാപ്‌ടോപ്പ് വിഭാഗത്തിൽ ക്രോംഒഎസിനെ മുൻനിരയിലെത്തിക്കാനുള്ള ഗൂഗിളിന്റെ പുതിയ നീക്കമായാണ് ഗൂഗിൾബുക്കിന്റെ അവതരണം വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








