ഓട്ടവ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നതോടെ വരും മാസങ്ങളിൽ ഡീസൽ വില ലിറ്ററിന് 2 ഡോളറിൽ താഴെയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഒക്ടോബർ 4 ശനിയാഴ്ച ഊർജ്ജ വിദഗ്ധൻ പീറ്റർ ലിൻഡർ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ബാരലിന് 90 ഡോളറിലുള്ള എണ്ണവില, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് അയവു വന്നാൽ 85 ഡോളറിലേക്ക് താഴുമെന്നാണ് കരുതുന്നത്. അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ നടക്കുകയും കരാറിലെത്തുകയും ചെയ്താൽ എണ്ണവില ഇനിയും വേഗത്തിൽ കുറയും.
പെട്രോളിനേക്കാൾ ഡീസലിന് വിപണിയിൽ വലിയ ആവശ്യക്കാരുണ്ടെങ്കിലും വിതരണത്തിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. റഷ്യയിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതും എണ്ണ ശുദ്ധീകരണത്തിലുണ്ടായ മാറ്റങ്ങളുമാണ് ഡീസൽ വില ഉയർന്നുനിൽക്കാൻ പ്രധാന കാരണം. എന്നാൽ വേനൽക്കാല ഡ്രൈവിംഗ് സീസൺ അവസാനിച്ചതും യൂറോപ്യൻ രാജ്യങ്ങൾ 100 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടാൻ തീരുമാനിച്ചതും വില കുറയാൻ സഹായിക്കും. എങ്കിലും ഇറാൻ-യുഎസ് തർക്കം രൂക്ഷമായാൽ എണ്ണവില വീണ്ടും 100 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Also Read: അമേരിക്കൻ ഭീഷണി ചെറുക്കാൻ അടിയന്തര മുൻകരുതലുമായി കാനഡ; ചർച്ചയായി പ്രതിരോധ തന്ത്രങ്ങൾ
ചരക്കു നീക്കത്തിനും ഗതാഗതത്തിനും ഡീസൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വില കുറയുന്നത് സാധാരണക്കാർക്കും വ്യാപാരികൾക്കും വലിയ ആശ്വാസമാകും. സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താനും ഇത് സഹായിക്കും. ഡീസൽ വില പരമാവധി ഉയർന്ന ഘട്ടം പിന്നിട്ടെന്നും വരും ദിവസങ്ങളിൽ വിപണിയിലെ പ്രതിസന്ധി മാറി കാര്യങ്ങൾ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





