ഗാസ: ഗാസയിലെ ദേർ അൽ-ബലാഹിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. രണ്ടുപേരെ കാണാതായി. ടെന്റുകൾക്ക് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയിൽ ഏകദേശം 70,000 ടെന്റുകളിൽ വെള്ളം കയറിയതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം കുട്ടികൾ ദുരിതപൂർണമായ സാഹചര്യങ്ങളിൽ കഴിയുകയാണെന്നും ഓഫീസ് വ്യക്തമാക്കി.
ALSO READ: ബി.സിയിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ടെന്റുകൾക്ക് പകരം കൂടുതൽ സുരക്ഷിതമായ കാരവാനുകൾ എത്തിക്കണമെന്ന വെടിനിർത്തൽ കരാറിലെ വ്യവസ്ഥ ഇസ്രായേൽ നടപ്പാക്കുന്നില്ലെന്ന് മീഡിയ ഓഫീസ് ആരോപിച്ചു. കാരവാനുകൾ ഗാസയിലേക്ക് കടത്തിവിടുന്നത് തടയുകയാണെന്നും കുറ്റപ്പെടുത്തി.
രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുടെ അഭാവം ദുരന്തനിവാരണ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഉപരോധം കാരണം ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും ഗാസയിൽ എത്തുന്നില്ല. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രദേശവാസികൾ കൈകൾകൊണ്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ട സാഹചര്യമാണ്.
അഭയകേന്ദ്രങ്ങൾ നിർമിക്കാനുള്ള സാമഗ്രികൾ, ഇന്ധനം, രക്ഷാപ്രവർത്തനത്തിനും നഗരസഭാ പ്രവർത്തനങ്ങൾക്കുമുള്ള ഉപകരണങ്ങൾ എന്നിവയുടെ പ്രവേശനം തടയുന്നതിൽ ഇസ്രായേലിനും അമേരിക്കയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് ആരോപിച്ചു. ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഇടപെടാത്തതിനെയും ഓഫീസ് വിമർശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





