വൻകൂവർ: ബ്രിട്ടീഷ് കൊളംബിയ (ബി.സി.) തീരദേശമേഖലയിൽ അതിശക്തമായ കൊടുങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വാരാന്ത്യത്തിൽ വീശിയടിച്ച ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ, ഈ ആഴ്ചയിലും കനത്ത മഴയും രൂക്ഷമായ കാറ്റും പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയോടെ പുറപ്പെടുവിച്ച പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പിൽ, ബി.സി.യുടെ നോർത്ത്, സെൻട്രൽ, സൗത്ത് തീരങ്ങൾക്കും വൻകൂവർ ഐലൻഡിനും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന അതിശക്തമായ മഴയാണ് പ്രവിശ്യയെ കാത്തിരിക്കുന്നത്. മലയോര മേഖലകളിൽ ഒരൽപ്പം ഉയർന്ന അളവിലുള്ള മഴ പ്രതീക്ഷിക്കാം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി രൂപപ്പെട്ട ന്യൂനമർദ്ദങ്ങൾ പ്രദേശത്ത് വലിയ അളവിൽ മഴ പെയ്യാൻ കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രതയേറിയ ഈ കൊടുങ്കാറ്റുകളുടെ വരവ്. കൃത്യമായ മഴയുടെ അളവും പ്രദേശങ്ങളും വ്യക്തമായിവരുന്ന മുറയ്ക്ക് ഔദ്യോഗിക മുന്നറിയിപ്പുകൾ നൽകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ മഴയും ഇനി വരാനിരിക്കുന്ന മഴയും ഒന്നിക്കുമ്പോൾ ഡ്രെയിനേജ് സംവിധാനം ദുർബലമായ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും പ്രളയ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഓവുചാലുകളിലെയും ഡ്രെയിനേജ് ഗേറ്റുകളിലെയും ഇലകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് വെള്ളപ്പൊക്ക സാധ്യത കുറയ്ക്കണമെന്ന് ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
ALSO READ: ആഗോളതാപനം നിയന്ത്രണം വിടുന്നു: ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ?
നിലവിൽ വലിയ രീതിയിലുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, ബി.സി. റിവർ ഫോർകാസ്റ്റ് സെന്റർ സൗത്ത്-സെൻട്രൽ തീരങ്ങളിലും വങ്കൂവർ ഐലൻഡ്, ഫ്രേസർ വാലി എന്നിവിടങ്ങളിലും ഉയർന്ന തോതിലുള്ള Streamflow Advisory പ്രഖ്യാപിച്ചിട്ടുണ്ട്. നദികളിലെ ജലനിരപ്പ് അതിവേഗം ഉയർന്നേക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





