ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ മേഖലയിൽ കനത്ത ചുഴലിക്കാറ്റും മഴയും തുടരുന്നതിനിടെ സതർലാൻഡ് നദിയിൽ നാടകീയമായ രക്ഷാപ്രവർത്തനം. വാട്ടർലൈൻ നന്നാക്കുന്നതിനിടെ അതിശക്തമായ ഒഴുക്കിൽപെട്ട് വെള്ളച്ചാട്ടത്തിലേക്ക് പതിച്ച ബ്രിട്ടാനി ക്രെയിഗ് എന്ന യുവതിയെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:47-ഓടെയാണ് ഡിസ്ട്രിക്റ്റ് ഓഫ് നോർത്ത് വാൻകൂവർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് (DNVFRS) സാസമറ്റ് ലൈൻ മേഖലയിൽ നിന്ന് അടിയന്തര സന്ദേശം ലഭിക്കുന്നത്. വീടിനടുത്തുള്ള വാട്ടർലൈൻ പൈപ്പ് നന്നാക്കാൻ പോയതായിരുന്നു ബ്രിട്ടാനി ക്രെയിഗ്. അതിശക്തമായ വെള്ളക്കെട്ടിൽ പൈപ്പ് ഉറപ്പിച്ചു നിർത്താനായി ഒരു വലിയ കല്ല് പൊക്കിയെടുക്കാൻ ശ്രമിച്ച നിമിഷത്തിലാണ് ദുരന്തം സംഭവിച്ചത്. വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിയിൽ കല്ല് താഴ്ന്ന പ്രദേശത്തേക്ക് നീങ്ങുകയും, കല്ലിൽ പിടിച്ചിരുന്ന ബ്രിട്ടാനിയും നദിയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു.
വെള്ളച്ചാട്ടത്തിലൂടെ താഴേക്ക് പതിച്ച യുവതി പലതവണ വെള്ളത്തിൽ മുങ്ങിപ്പോയി. ഒടുവിൽ നദിക്കരയിലെ ഒരു കൂറ്റൻ മരത്തടിയിൽ പിടിച്ച് കയറിയാണ് ഇവർ ജീവൻ നിലനിർത്തിയത്. “ഞാൻ മരിക്കുമെന്നാണ് കരുതിയത്. നദിയുടെ മറുഭാഗത്ത് തണുത്തുവിറച്ച് ഇരിക്കുമ്പോഴാണ് രക്ഷാപ്രവർത്തകരുടെ വാഹനത്തിന്റെ ലൈറ്റുകൾ കണ്ടത്. അതോടെ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസമായി,” ബ്രിട്ടാനി പിന്നീട് പറഞ്ഞു.
റോപ്പ് ഉപയോഗിച്ചുള്ള ഹൈ-ആംഗിൾ ടെക്നിക്കിലൂടെയാണ് രക്ഷാപ്രവർത്തകർ യുവതിയുടെ അടുത്തെത്തിയത്. അതിശക്തമായ തണുപ്പ് അതിജീവിക്കാൻ അവർക്ക് ഹീറ്റിംഗ് വെസ്റ്റ്, ഹീറ്റ് പാക്കുകൾ, കമ്പിളി എന്നിവ നൽകിയ ശേഷമാണ് സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. വഴുക്കലുള്ള പ്രതലം, ഉറപ്പില്ലാത്ത പാറകൾ, രക്ഷാപ്രവർത്തനത്തിനിടെ ഒടിഞ്ഞുവീണ മരം എന്നിവ അതിജീവിച്ചാണ് സേന ദൗത്യം പൂർത്തിയാക്കിയത്.
ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയവും ഫയർ ഫോഴ്സും മുന്നറിയിപ്പ് നൽകി. ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നദികളിൽ നിന്നും തോടുകളിൽ നിന്നും മാറി നിൽക്കാനും അധികൃതർ നിർദ്ദേശിച്ചു. ഇനി ഇത്രയും അപകടകരമായ സാഹചര്യത്തിൽ നദിയിലേക്ക് ഇറങ്ങില്ലെന്ന് ബ്രിട്ടാനി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





