സറി: പ്രമുഖ ഇന്ത്യൻ കോമേഡിയൻ കപിൽ ശർമ്മയുടെ റസ്റ്റോറന്റിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമം നടന്ന് ഒരു വർഷത്തിന് ശേഷമാണ് പർദീപ് സിംഗ്, സവീർ ഖാൻ എന്നീ പ്രതികൾ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ പിടിയിലായത്. സറിയുലുള്ള വീട്ടിലും റസ്റ്റോറന്റിലുമായിട്ടായിരുന്നു ആക്രമണങ്ങൾ നടന്നത്. പണം തട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന അക്രമ സംഭവങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം.
ആദ്യ സംഭവം നടന്നത് 2025 ഒക്ടോബർ 12-ന് സറിയിലെ ഒരു വീട്ടിലായിരുന്നു. അന്ന് നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേൽക്കുകയുണ്ടായി. ഇതിനുപിന്നാലെ 2025 ഒക്ടോബർ 16-ന് പുലർച്ചെയാണ് കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കഫേയ്ക്ക് നേരെ വെടിവയ്പ്പുണ്ടായത്. ഈ സമയത്ത് സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു എങ്കിലും ജീവനക്കാരായ രണ്ടുപേർ അകത്തുണ്ടായിരുന്നു. അന്ന് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
റസ്റ്റോറന്റ് ആരംഭിച്ചതിനുശേഷം ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്. സംഭവം നടന്ന സമയത്ത് സ്ഥാപനത്തിൽ ആളുകൾ കുറവായിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഈ രണ്ടു ആക്രമണങ്ങളും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് പോലീസ് ആദ്യ ഘട്ടത്തിൽത്തന്നെ സംശയിച്ചിരുന്നു.
സംഭവമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായ ബ്രിട്ടീഷ് കൊളംബിയ എക്സ്റ്റോർഷൻ ടാസ്ക് ഫോഴ്സ് കേസുകളുടെ അന്വേഷണം പൂർണ്ണമായി ഏറ്റെടുത്തു. കഴിഞ്ഞ ഒരു വർഷമായി നടന്നുവന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക തെളിവുകൾ ലഭിച്ചത്. നിയമപരമായ അനുമതികളോടെ നടത്തിയ പരിശോധനകളിലൂടെയും തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തിലൂടെയുമാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
പ്രതികൾക്കെതിരെ നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കൽ, അശ്രദ്ധമായി വെടിവെക്കൽ, ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇത്തരം പണം തട്ടൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ലോവർ മെയിൻലാന്റ് ഡിസ്ട്രിക്റ്റ് ഓപ്പറേഷൻസ് ഓഫീസർ വ്യക്തമാക്കി.
Also Read: എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം
സറി മേഖലയിൽ വർദ്ധിച്ചുവരുന്ന പണം തട്ടൽ ആക്രമണങ്ങൾക്ക് തടയിടാൻ ഈ അറസ്റ്റ് സഹായിക്കുമെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്ക സൃഷ്ടിച്ച സംഭവമായതിനാൽ കേസിന്റെ തുടർനടപടികൾ പോലീസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





