പാരിസ്: സ്കൂളുകളിലെ സൗകര്യക്കുറവ്, അധ്യാപകരുടെ കുറവ്, വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് കുറവ് എന്നിവയിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ വിദ്യാർഥികൾ നടത്തുന്ന സമരം ശക്തമാകുന്നു. തിങ്കളാഴ്ച മുതൽ ഇതുവരെ 5,000-ത്തോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി ലോറൻ നുനെസ് അറിയിച്ചു. വെള്ളിയാഴ്ച രാജ്യത്തുടനീളം പൊലീസും സമരക്കാരും നേർക്കുനേർ ഏറ്റുമുട്ടിയതോടെ സാഹചര്യം കൂടുതൽ വഷളായിരിക്കുകയാണ്.
പാരിസിൽ തുടങ്ങിയ സമരം ഇപ്പോൾ ഫ്രാൻസിലുടനീളം പടർന്നിരിക്കുകയാണ്. പലയിടങ്ങളിലും സ്ഥിതിഗതികൾ അക്രമാസക്തമായിട്ടുണ്ട്. സ്ട്രാസ്ബർഗിൽ സമരം ചെയ്തവരെ ഓടിക്കാൻ പൊലീസ് Tear gas ഉപയോഗിച്ചു. മാർസെയിൽസിൽ പ്രതിഷേധക്കാർ പൊലീസിന് നേരെ പടക്കങ്ങൾ എറിഞ്ഞപ്പോൾ,റെന്നിലും പാന്തിനിലും റോഡരികിലെ വേലികൾക്കും വേസ്റ്റ് ബിന്നുകൾക്കും പ്രതിഷേധക്കാർ തീയിട്ടു. ലാസിയോട്ടയിലാകട്ടെ, ഒരു യുവാവ് അധ്യാപകന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചതായും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാജ്യത്തെ അഞ്ഞൂറോളം ഹൈസ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നത്, ആവശ്യത്തിന് അധ്യാപകരില്ലാത്തത്, പഴകിയ സ്കൂൾ കെട്ടിടങ്ങൾ എന്നിവയാണ് വിദ്യാർഥികളുടെ പ്രധാന പരാതികൾ. വർഷങ്ങളായി വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്ര സർക്കാർ ആവശ്യത്തിന് തുക അനുവദിക്കുന്നില്ലെന്നും സമരം ചെയ്യുന്ന വിദ്യാർഥികൾ ആരോപിക്കുന്നു.
വിദ്യാർഥികളുടെ സമരം കടുത്തതോടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വരുന്ന 2027-ലെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന തുക 1.7 ശതമാനം കൂട്ടി 65.53 ബില്യൺ യൂറോയാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, വിപണിയിലെ വിലക്കയറ്റം കാരണം ഈ തുക ഒന്നിനും തികയില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. അതിനിടെ, സമരത്തിനിടെ 40 സ്കൂൾ പ്രിൻസിപ്പൽമാർ ഉൾപ്പെടെ 65 വിദ്യാഭ്യാസ ജീവനക്കാർക്ക് പരുക്കേറ്റതായി വിദ്യാഭ്യാസമന്ത്രി എഡ്വാർഡ് ഗെഫ്രെ വ്യക്തമാക്കി.
Also Read: ആഗോള വിപണിയിൽ ഇന്ധനവില താഴേക്ക്? വരാൻ പോകുന്നത് വിലക്കുറവിന്റെ നാളുകളോ
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അധ്യാപക സംഘടനകൾ അടുത്ത ചൊവ്വാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ, പ്രതിഷേധക്കാർക്ക് നേരെ പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്ന പരാതിയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ റബർ ബുള്ളറ്റ് ഏറ്റ് 16 വയസ്സുള്ള വിദ്യാർഥിയുടെ കണ്ണിന് പരുക്കേറ്റ സംഭവവും പരിശോധിച്ചുവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





