വിന്നിപെഗ്: മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ നാലാമത്തെ അടിയന്തര പ്രതികരണ സംവിധാനം (Fourth Emergency Response System) നടപ്പാക്കുന്നത് വിന്നിപെഗ് നഗരസഭയുടെ പരിഗണനയിൽ. പോലീസിനും അഗ്നിശമന സേനയ്ക്കും പാരാമെഡിക് സേവനങ്ങൾക്കും പകരമായി ‘കമ്മ്യൂണിറ്റി ക്രൈസിസ് ഡിസ്പാച്ച് മോഡൽ’ രൂപീകരിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പുതിയ പഠന റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. മാനസികാരോഗ്യ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് വരുന്ന ഫോൺ കോളുകൾ പ്രത്യേക പരിശീലനം നേടിയ കമ്മ്യൂണിറ്റി സംഘങ്ങളിലേക്ക് തിരിച്ചുവിട്ട്, വ്യക്തികൾക്ക് വേഗത്തിൽ വിദഗ്ദ്ധ സഹായം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിലവിലുള്ള സംവിധാനങ്ങൾക്കുമേലുള്ള അമിത ഭാരം കുറയ്ക്കാൻ ഈ പുതിയ മാതൃക സഹായിക്കുമെന്നാണ് വിലയിരുത്തൽ. വിന്നിപെഗ് പോലീസ് സർവീസിന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം ഇരുപതിനായിരത്തിലധികം ക്ഷേമപരിശോധന (Well-being Check) കോളുകളാണ് അവർ കൈകാര്യം ചെയ്യുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പോലീസ്, ഫയർ, പാരാമെഡിക് വിഭാഗങ്ങളിലേക്ക് എത്തുന്ന മാനസികാരോഗ്യ സംബന്ധിയായ പതിനായിരത്തോളം കോളുകൾ കമ്മ്യൂണിറ്റി സംഘങ്ങൾക്ക് കൈമാറാൻ സാധിക്കും. ഇത് പോലീസിന്റെ ജോലിഭാരം കുറയ്ക്കാനും ഇത്തരം കോളുകളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാനും വഴിതുറക്കും.
പദ്ധതിയുടെ തുടർനടപടികൾക്കായി വരും മാസങ്ങളിൽ നിർണായക തീരുമാനം ഉണ്ടാകും. പുതിയ മാതൃക നടപ്പാക്കുന്നതിനുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ വരുന്ന സെപ്റ്റംബറിൽ സിറ്റി കൗൺസിലിൽ പ്രമേയം അവതരിപ്പിക്കുമെന്ന് മേയർ സ്കോട്ട് ഗില്ലിംഗ്ഹാം അറിയിച്ചു. പ്രതിവർഷം ഏകദേശം 6 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ പ്രവിശ്യാ സർക്കാരും പങ്കാളിയാകും. പഠന റിപ്പോർട്ട് നിലവിൽ പ്രവിശ്യാ സർക്കാറിന്റെ പരിശോധനയിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Dedicated team for mental health calls: Fourth emergency response system coming to Winnipeg.






