റെജീന : സസ്‌കാച്ചവാനിലെ കാരി ദി കെറ്റിൽ നക്കോഡ നേഷനിൽ നാല് പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ കൗമാരക്കാരന് കോടതി പരമാവധി ശിക്ഷ വിധിച്ചു. രണ്ട് വർഷം തടവും ഒരു വർഷം നിരീക്ഷണവും ഉൾപ്പെടെ മൂന്ന് വർഷത്തെ ശിക്ഷയാണ് റെജീന പ്രൊവിൻഷ്യൽ കോടതി ജസ്റ്റിസ് ജെയിംസ് കോർപ്പൻ വിധിച്ചത്. നിലവിൽ 17 വയസ്സുള്ള പ്രതി, 2025 ഫെബ്രുവരി നാലിന് നടന്ന സംഭവസമയത്ത് 15 വയസ്സുകാരനായിരുന്നു. ലഹരിമരുന്നും മദ്യവും തോക്കുകളും ചേർന്നപ്പോൾ ഉണ്ടായ ഭയാനകമായ ദുരന്തമാണിതെന്ന് ജഡ്ജി നിരീക്ഷിച്ചു. സംഭവത്തിൽ ടെറി ജാക്ക് (51), ട്രേസി ഹോട്ടോമണി (34), ഷൗണ ഫേ (47), ഷെൽഡൺ ക്യുവെസാൻസ് (44) എന്നിവരാണ് വെടിയേറ്റ് മരിച്ചത്.
മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. മറ്റുള്ളവരെ ഭയപ്പെടുത്താനായി തോക്കുകൾ നൽകിയെങ്കിലും കൊലപാതകം പ്രതിയുടെ ലക്ഷ്യമായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. കൊലപാതക കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളുടെ അഭാവത്തിലാണ് കുറ്റം നരഹത്യയായി ചുരുങ്ങിയതെന്നും കോടതി വ്യക്തമാക്കി. കേസിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ നാല് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ മറ്റ് മൂന്ന് പേരുടെ വിചാരണ തുടരുകയാണ്. തടവ് ശിക്ഷയ്ക്ക് ശേഷം തീവ്രമായ പുനരധിവാസ ചികിത്സകൾക്കും കൗമാരക്കാരൻ വിധേയനാകണമെന്ന് കോടതി ഉത്തരവിട്ടു. കാനഡയിലെ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പ്രതിയായതിനാൽ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
First Nation massacre: Court sentences 17-year-old to maximum sentence under law
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



