ഓട്ടവ:മൈക്രോ മയക്കുമരുന്നായ ഫെന്റനൈൽ കടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ലബനൻ സ്വദേശി മൊഹമ്മദ് കസാറിനെ (Mohamad Kassar) കാനഡയിൽ നിന്ന് നാടുകടത്താൻ ഫെഡറൽ കോടതി ഉത്തരവിട്ടു. ഓട്ടാവയിൽ നിന്ന് സഡ്ബറിയിലേക്ക് ലഹരിഗുളികകൾ കടത്തിയതിന് 2018-ലാണ് ഇയാൾക്ക് 45 മാസം തടവുശിക്ഷ ലഭിച്ചത്. ശിക്ഷ പൂർത്തിയായതിനെ തുടർന്ന് രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ കസാർ നൽകിയ അവസാന അപ്പീലും കോടതി തള്ളുകയായിരുന്നു.
1991-ൽ കാനഡയിൽ എത്തി സ്ഥിരതാമസാനുമതി (Permanent Residency) നേടിയ കസാറിന്റെ പദവി, ഗുരുതര കുറ്റകൃത്യത്തിൽ പങ്കാളിയായതോടെ റദ്ദാക്കപ്പെട്ടിരുന്നു. 2019-ൽ തന്നെ നാടുകടത്താൻ ഉത്തരവുണ്ടായിരുന്നെങ്കിലും വിവിധ അപ്പീലുകൾ നൽകി ഇയാൾ നടപടികൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന്, തനിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ലബനനിൽ ചികിത്സ കിട്ടില്ലെന്നും കൊച്ചുമക്കളെ നോക്കാൻ കാനഡയിൽ നിൽക്കണമെന്നും കാട്ടി നൽകിയ ഹർജികളാണ് കോടതി ഇപ്പോൾ പൂർണ്ണമായും തള്ളിയത്.
ആരോഗ്യപരമായ കാരണങ്ങളോ കുടുംബ പശ്ചാത്തലമോ ചൂണ്ടിക്കാട്ടി ലഹരിക്കേസുകളിൽ പെട്ടവർക്ക് രാജ്യത്ത് തുടരാനാകില്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി ഉത്തരവ്. കൊച്ചുമക്കളുടെ സംരക്ഷണം മാതാപിതാക്കൾ നോക്കുന്നുണ്ടെന്നും ചികിത്സാസൗകര്യം കുറവാണെന്ന വാദം നാടുകടത്തലിൽ നിന്ന് ഒഴിവാകാനുള്ള ന്യായമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇയാളെ ഉടൻ തന്നെ ലബനനിലേക്ക് തിരിച്ചയക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









