ഓട്ടവ: കാനഡയുടെ എക്സ്പ്രസ് എൻട്രി (Express Entry) സിസ്റ്റത്തിൽ വലിയ അഴിച്ചുപണി വേണമെന്ന ആവശ്യവുമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ റോയൽ ബാങ്ക് ഓഫ് കാനഡ (RBC) രംഗത്തെത്തിയിരിക്കുകയാണ്. നിലവിലെ കാറ്റഗറി അധിഷ്ഠിത ഡ്രോകൾ മൂലം ഉയർന്ന യോഗ്യതയും സിആർഎസ് (CRS) സ്കോറുമുള്ള അപേക്ഷകർക്ക് അവസരം നഷ്ടപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് “A Smarter Immigration Strategy” എന്ന പേരിൽ ആർ.ബി.സി റിപ്പോർട്ട് പുറത്തുവിട്ടത്.
കാനഡ എക്സ്പീരിയൻസ് ക്ലാസ് (CEC) വഴിയുള്ള അപേക്ഷകർക്ക് തിരഞ്ഞെടുക്കപ്പെടാൻ 500-ന് മുകളിൽ സ്കോർ ആവശ്യമായി വരുമ്പോൾ, കാറ്റഗറി ഡ്രോകളിൽ അതിനേക്കാൾ 100 പോയിൻ്റിലധികം കുറഞ്ഞ സ്കോറുള്ളവർക്ക് സ്ഥിരതാമസം ലഭിക്കുന്നുണ്ട്. 2026-ൽ സിഇസി കട്ട്ഓഫ് 507 മുതൽ 523 വരെ ഉയർന്നപ്പോൾ, ഫ്രെഞ്ച് ഭാഷാ ഡ്രോകളിൽ 382 സ്കോറുള്ളവർക്കും ഫിസിഷ്യൻ കാറ്റഗറിയിൽ 169 പോയിൻ്റുള്ളവർക്കും ക്ഷണം ലഭിച്ചു. ഈ വ്യത്യാസം പരിഹരിക്കാൻ 7 പ്രധാന നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.
ഒന്നാമതായി, തൊഴിൽ പരിചയവും യോഗ്യതയും അനുസരിച്ച് ഏറ്റവും ഉയർന്ന സിആർഎസ് സ്കോർ നേടുന്നവരെ മാത്രം ആദ്യം തിരഞ്ഞെടുക്കുന്ന പഴയ മെരിറ്റ് സിസ്റ്റത്തിലേക്ക് മടങ്ങണം. രണ്ടാമതായി, ഹെൽത്ത്‌കെയർ, ട്രേഡ്‌സ്, ഫ്രെഞ്ച് തുടങ്ങിയ പ്രത്യേക ഫെഡറൽ കാറ്റഗറി ഡ്രോകൾ നിർത്തലാക്കണം. മൂന്നാമതായി, ഇമിഗ്രേഷൻ മന്ത്രിക്ക് പ്രത്യേക കാറ്റഗറികൾ സൃഷ്ടിക്കാൻ അധികാരം നൽകിയ 2022-ലെ പാർലമെൻ്റ് നിയമം തിരുത്തണം. നാലാമതായി, സാമ്പത്തിക ഇമിഗ്രേഷൻ്റെ നിശ്ചിത ശതമാനം അനിവാര്യമായും എക്സ്പ്രസ് എൻട്രി വഴി മാത്രം നടപ്പിലാക്കണം. അഞ്ചാമതായി, അപേക്ഷകർക്ക് പിആർ ക്ഷണം ലഭിക്കാൻ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട കുറഞ്ഞ സിആർഎസ് പോയിൻ്റ് പരിധി പുനരവതരിപ്പിക്കണം. ആറാമതായി, പ്രാദേശിക തൊഴിൽ ക്ഷാമങ്ങൾ പരിഹരിക്കാനുള്ള കാറ്റഗറി തി തിരിച്ചുള്ള നിയമനങ്ങൾ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾക്ക് (PNP) കൈമാറണം. ഏഴാമതായി, എഐ അടക്കമുള്ള പുതിയ തൊഴിൽ വിപണി മാറ്റങ്ങൾക്ക് അനുസൃതമായി സിആർഎസ് പോയിൻ്റ് ഘടന കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണം.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
ഇവ റോയൽ ബാങ്ക് ഓഫ് കാനഡയുടെ നിർദ്ദേശങ്ങൾ മാത്രമാണ്. കാനഡ ഇമിഗ്രേഷൻ വകുപ്പ് (IRCC) നിലവിൽ ഈ മാറ്റങ്ങളൊന്നും ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ല. 2026-ലും കാറ്റഗറി അധിഷ്ഠിത ഡ്രോകൾ തുടരുന്നതിനാൽ അപേക്ഷകർ തങ്ങളുടെ സിആർഎസ് സ്കോർ പരമാവധി ഉയർത്താനും ഔദ്യോഗിക ഐആർസിസി പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനും ശ്രദ്ധിക്കണമെന്നാണ് ഇമിഗ്രേഷൻ വിദഗ്ധരുടെ നിർദ്ദേശം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









