ഓട്ടവ : അമേരിക്കയിലും കാനഡയിലുമായി കോടിക്കണക്കിന് ആളുകളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെച്ച സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. യു.എസ്, കനേഡിയൻ പൗരന്മാരുടെ ഡിജിറ്റൽ ലൈസൻസുകൾ ഒരു ഡാർക്ക് വെബ് സൈറ്റ് വഴി പരസ്യമായി വിൽക്കുന്നുണ്ടെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകനായ ബ്രയാൻ ക്രെബ്സ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ വ്യക്തികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഒമ്പത് പേരുടെ ലൈസൻസുകൾ പരിശോധിച്ച് ഇതിന്റെ ആധികാരികത ക്രെബ്സ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വടക്കേ അമേരിക്കയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സർക്കാർ രേഖാ ചോർച്ചയായിരിക്കാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സ്ഥിരീകരിച്ചാൽ കോടിക്കണക്കിന് ആളുകളാണ് വലിയ തോതിലുള്ള തട്ടിപ്പുകൾക്കും ആൾമാറാട്ട ഭീഷണികൾക്കും ഇരയാകാൻ സാധ്യതയുള്ളത്. റഷ്യൻ സൈബർ ക്രൈം ഫോറത്തിൽ വന്ന പരസ്യത്തിലൂടെയാണ് ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം തനിക്ക് ലഭിച്ചതെന്ന് ക്രെബ്സ് പറഞ്ഞു. തന്റെ സ്വന്തം ലൈസൻസും ഇതിൽ സൗജന്യ സാമ്പിളായി ഉൾപ്പെടുത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘നെക്സസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം യു.എസ്, കാനഡ എന്നിവിടങ്ങളിലെ കോടിക്കണക്കിന് ലൈസൻസുകൾക്ക് പുറമെ ലക്ഷക്കണക്കിന് തിരിച്ചറിയൽ കാർഡുകളും യാത്രാ രേഖകളും ലക്ഷക്കണക്കിന് മെഡിക്കൽ രേഖകളും കൈവശം വെച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. തത്സമയം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന രീതിയിലുള്ള ഈ ഡാറ്റാബേസ് ഒരു ലൈവ് ബ്രീച്ച് വഴിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. ഇത്രയും വലിയ വ്യാപ്തിയിലുള്ള ഒരു ഡ്രൈവിംഗ് ലൈസൻസ് ചോർച്ച ചരിത്രത്തിൽ ആദ്യമായാണെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ഇൻഫോബ്ലോക്സിന്റെ ഭീഷണി ഗവേഷകനായ സാക്ക് എഡ്വേർഡ്സ് പറഞ്ഞു. ഉയർന്ന പദവികളിൽ ഇരിക്കുന്ന വ്യക്തികൾക്ക് പോലും ഈ ആക്രമണം കനത്ത ദേശീയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹത്തിന്റെ സ്വന്തം ലൈസൻസും സൈറ്റിൽ വിൽപ്പനയ്ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോർന്ന ഡാറ്റയുടെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താൻ റോയിട്ടേഴ്സിനായിട്ടില്ല. ന്യൂ ഓർലിയാൻസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഡന്റിറ്റി വെരിഫിക്കേഷൻ സ്ഥാപനമായ ‘IDScan.net’ ഈ വിഷയം അന്വേഷിച്ചുവരികയാണെന്ന് ബ്രയാൻ ക്രെബ്സ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് റോയിട്ടേഴ്സ് നൽകിയ സന്ദേശങ്ങളോട് സ്ഥാപനം പ്രതികരിച്ചിട്ടില്ല. വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ വിൽപനയ്ക്ക് വെച്ചിരുന്ന ഡാർക്ക് വെബ് സൈറ്റ് അപ്രത്യക്ഷമായി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









