ഒന്റാരിയോ; സോഷ്യൽ മീഡിയയിലൂടെ സ്വാധീനം ചെലുത്തി ആത്മീയ ഗുരുവാണെന്ന് നടിച്ച ലിയാന ഷാന്തി എന്ന വ്യക്തിക്കെതിരെ കനേഡിയൻ മാധ്യമമായ സിടിവി ന്യൂസ് (W5) പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് വലിയ ചർച്ചയാകുന്നു. ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും ആളുകളെ കബളിപ്പിച്ച് സ്വന്തം ‘കൾട്ട്’ ഗ്രൂപ്പിലേക്ക് വലവീശിയ ലിയാനയുടെ തട്ടിപ്പുകളാണ് ഇതിൽ പുറത്തുവരുന്നത്.
സസ്‌കാച്ചെവനിൽ നിന്നുള്ള മൂന്ന് സാധാരണ പൗരന്മാർ ഷാന്തിയുടെ ഭീഷണിക്ക് ഇരകളായി. ഇവരുടെ കുടുംബാംഗങ്ങൾ ലിയാനയുടെ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. എന്നാൽ ലിയാനയെ വിമർശിച്ച ഇവർക്കെതിരെ ‘സാത്താനിസ്റ്റുകൾ’ എന്നും ‘കുട്ടികളെ പീഡിപ്പിക്കുന്നവർ’ എന്നും കാണിച്ച് ഇവർ സോഷ്യൽ മീഡിയയിലൂടെ കടുത്ത വ്യക്തിഹത്യ നടത്തി.
തുടർന്ന് ഇരകളായവർ അമേരിക്കയിലെ ഹൊണോലുലു കോടതിയിൽ കേസ് ഫയൽ ചെയ്യുകയും, കഴിഞ്ഞ ഓഗസ്റ്റിൽ കോടതി ലിയാന കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ലിയാന 56 മില്യൺ കനേഡിയൻ ഡോളർ (ഏകദേശം 340 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഹവായ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ഇനി മേൽ ഇവർക്കെതിരെ തെറ്റായ കാര്യങ്ങൾ പറയില്ലെന്ന് ലിയാന സത്യവാങ്മൂലവും നൽകി.
എന്നാൽ കോടതി വിധി വന്നിട്ടും ലിയാന തന്റെ ശൈലി മാറ്റിയില്ല. വിധിക്കുശേഷം ഇതേ വ്യക്തികളെക്കുറിച്ച് 207-ലധികം തവണ അവർ ഇൻസ്റ്റാഗ്രാമിൽ അപകീർത്തികരമായ പോസ്റ്റുകൾ വീണ്ടും പങ്കുവെച്ചു. ബൈറൺ ഹോർവാത്ത് എന്ന വ്യക്തിക്കെതിരെ മാത്രം 142 പോസ്റ്റുകൾ വന്നു. മുൻപ് ഇയാളുടെ മുൻഭാര്യയായ ഹേലി നൽകിയ സ്വകാര്യ വിവരങ്ങൾ വെച്ചാണ് ഈ ആക്രമണങ്ങൾ. എന്നാൽ ഹേലി ഇപ്പോൾ ആ കൾട്ടിൽ നിന്ന് പുറത്തുവരികയും കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു.
മറ്റുള്ളവരുടെ രഹസ്യങ്ങൾ ചോർത്തി അത് ആയുധമാക്കുന്നതാണ് ലിയാനയുടെ രീതിയെന്ന് എട്ട് വർഷത്തോളം ഒപ്പം നിന്ന അമാൻഡ ബ്രാഡി വ്യക്തമാക്കുന്നു. കോടതി വിധിയെയോ നിയമത്തെയോ വകവെയ്ക്കാതെ ഇന്നും ഇവർ സൈബർ ആക്രമണം തുടരുകയാണ്. വിദേശത്ത് ജീവിക്കുന്നവരും സോഷ്യൽ മീഡിയയിലെ ഇത്തരം വ്യാജ ലൈഫ് കോച്ചുകളെ കണ്ണടച്ച് വിശ്വസിക്കുന്നവരും വലിയൊരു മുൻകരുതൽ എടുക്കേണ്ടതുണ്ട് എന്നാണ് ഈ സംഭവം നൽകുന്ന ശക്തമായ മുന്നറിയിപ്പ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





