ടൊറന്റോ: സ്കാർബറോയിൽ ആശുപത്രി പാർക്കിങ് ഏരിയയിലുണ്ടായ വെടിവെപ്പിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ പ്രൊവിഡൻസ് ഹെൽത്ത് കെയർ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. എഴുപത് വയസ്സിലേറെ പ്രായമുള്ള ഭാര്യയും ഭർത്താവുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവർക്കും ഉടൻതന്നെ അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവെപ്പിന് ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ മറ്റ് സംശയമുള്ള ആളുകളെയോ പ്രതികളെയോ തിരയുന്നില്ലെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. അതിനാൽ കൊലപാതകത്തിന് ശേഷം വെടിവെച്ചയാൾ ആത്മഹത്യ ചെയ്തതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
വലിയ ഞെട്ടലുണ്ടാക്കിയ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആശുപത്രിക്കും രോഗികൾക്കും നിലവിൽ മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്നും ചൊവ്വാഴ്ചത്തെ അപ്പോയിന്റ്മെന്റുകളും മറ്റ് സേവനങ്ങളും പതിവുപോലെ നടക്കുമെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









