മോൺട്രിയൽ: കാനഡയിൽ അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനി അടങ്ങിയ പഴങ്ങൾ വിറ്റതിന് പ്രമുഖ അമേരിക്കൻ കമ്പനിയായ ഡ്രിസ്‌കോൾസിനെതിരെ ക്യുബെക്ക് സുപീരിയർ കോടതിയിൽ കേസ് ഫയൽ ചെയ്തു. ctv ന്യൂസ് റിപ്പോർട്ട് ചെയ്തത് പ്രകാരം, സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവയിലാണ് അപകടകരമായ രാസവസ്തുക്കൾ കണ്ടെത്തിയത്. ക്യുബെക്ക് സ്വദേശിനിയായ ഒരു യുവതി നൽകിയ ഹർജിയിലാണ് ഈ വിവരമുള്ളത്. 2022 ജനുവരി 1 മുതൽ വിറ്റഴിച്ച ബെറികളിൽ കീടനാശിനി അടങ്ങിയ കാര്യം ഉപഭോക്താക്കളിൽ നിന്ന് കമ്പനി മറച്ചുവെച്ചെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു.
കാനഡയിലേക്ക് അയച്ച പഴങ്ങളിൽ ബൈഫെൻത്രിൻ, ഐപ്രോഡിയോൺ തുടങ്ങിയ രാസവസ്തുക്കൾ കൂടുതലായിരുന്നുവെന്ന് ഡ്രിസ്‌കോൾസിലെ മുൻ ജീവനക്കാരനായ ഡേവിഡ് ഹരാഡയും വെളിപ്പെടുത്തിയിരുന്നു. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളിൽ ഇത് വ്യക്തമായിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കേസ് കോടതി സ്വീകരിച്ചാൽ 2022 മുതൽ ഈ കമ്പനിയുടെ ബെറികൾ വാങ്ങിയ ആയിരക്കണക്കിന് ആളുകൾക്ക് കേസിന്റെ ഭാഗമാകാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും അവസരം ലഭിക്കും.
Also Read: കാനഡ ഗ്രോസറീസ് ആന്റ് എസൻഷ്യൽസ് ബെനിഫിറ്റ്: നിങ്ങളും അർഹരാണോ? വിശദാംശങ്ങൾ അറിയാം
എന്നാൽ പഴങ്ങളിൽ വിഷാംശം കൂടുതലാണെന്ന വാർത്തകൾ ഡ്രിസ്‌കോൾസ് കമ്പനി പൂർണ്ണമായി തള്ളി. തങ്ങളുടെ പഴങ്ങൾ കഴിക്കാൻ തികച്ചും സുരക്ഷിതമാണെന്നും കാനഡയിലെ എല്ലാ ഭക്ഷ്യസുരക്ഷാ നിയമങ്ങളും കൃത്യമായി പാലിച്ചാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. കേസിലെ ആരോപണങ്ങളിൽ കോടതി ഇതുവരെ അന്തിമ വിധി പറഞ്ഞിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





