റെജീന: ഓൺലൈൻ വഴിയുള്ള സാധനങ്ങളുടെ കൈമാറ്റം ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ, ഇത് പലപ്പോഴും കവർച്ചക്കും, തട്ടിപ്പുകൾക്കും, മറ്റ് കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നുണ്ട്. അത്തരക്കാർക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് റെജീന പോലീസ്. ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർക്കായി പോലീസ് ആസ്ഥാനത്ത് തന്നെ ‘Safe Transaction Zone’ എന്നൊരു പുതിയ സംവിധാനം അവർ ഒരുക്കിയിരിക്കുകയാണ്. സാധനങ്ങൾ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഇനി പേടിയില്ലാതെ ഈ സൗകര്യം ഉപയോഗിക്കാം.
വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ, കാറുകൾ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം മാത്രം 75-ഓളം കേസുകളാണ് റെജീന പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലങ്ങളിലും, വിജനമായ മറ്റ് സ്ഥലങ്ങളിലുമൊക്കെ വെച്ചാണ് ഇത്തരം ഇടപാടുകൾ നടക്കാറ്. ഇത് പലപ്പോഴും കവർച്ചയിലും തട്ടിപ്പിലും അവസാനിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായ ഒരു സ്ഥലം ആളുകൾക്ക് നൽകാൻ പോലീസ് തീരുമാനിച്ചത്.
പോലീസ് ആസ്ഥാനത്തിന്റെ വടക്ക് ഭാഗത്തായി രണ്ട് പാർക്കിംഗ് സ്ഥലങ്ങളാണ് ഇതിനായി പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ ‘Safe Transaction Zone’ എപ്പോഴും നല്ല വെളിച്ചത്തിൽ ആയിരിക്കും. അതോടൊപ്പം 24 മണിക്കൂറും ക്യാമറ നിരീക്ഷണവും ഉണ്ടാകും. ഇടപാടുകൾ നടത്തുമ്പോൾ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ദൃശ്യങ്ങൾ തെളിവായി എടുക്കാം. “സുരക്ഷിതമായ രീതിയിൽ ഓൺലൈൻ ഇടപാടുകളിൽ പങ്കെടുക്കാൻ ആളുകൾക്ക് ഈ അവസരം നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ആക്ടിംഗ് പോലീസ് മേധാവി ലോറിലി ഡേവിസ് പറഞ്ഞു.
ഈ പുതിയ സൗകര്യം ഉപയോഗിക്കാൻ പോലീസ് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ഇടപാടുകൾ നടത്തുമ്പോൾ റെഡ് ഫ്ലാഗുകൾ ശ്രദ്ധിക്കണമെന്ന് പോലീസ് മേധാവി മുന്നറിയിപ്പ് നൽകുന്നു. ‘വിശ്വസിക്കാൻ കഴിയാത്തത്ര നല്ലതാണെന്ന് തോന്നുന്നതെന്തും, ഒരുപക്ഷേ സത്യമായിരിക്കില്ല’ എന്നാണ് അവരുടെ ഉപദേശം. വിലയും സാധനത്തിന്റെ യഥാർത്ഥ മൂല്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ ശ്രദ്ധിക്കണം. അതുപോലെ, നിങ്ങൾ ഈ സുരക്ഷിത സ്ഥലത്ത് വെച്ച് കാണാൻ ആവശ്യപ്പെട്ടിട്ട്, മറുവശത്തുള്ളയാൾ നിർബന്ധിച്ച് വേറെ സ്ഥലത്തേക്ക് വിളിക്കുകയാണെങ്കിൽ, അതും ഒരു ‘റെഡ് ഫ്ലാഗ്’ ആയി കണക്കാക്കാം. എന്തെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളോ തട്ടിപ്പോ ഉണ്ടായാൽ ഉടൻ പോലീസിൽ അറിയിക്കാനും അവർ ആവശ്യപ്പെടുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Don't be afraid, you can sell and buy things! New 'Safe Zone' at Regina Police Headquarters






