ഡീപ്പെ: ന്യൂ ബ്രൺസ്‌വിക്കിലെ ഡീപ്പെയിൽ 1,800-ലധികം വിദ്യാർഥികൾക്കായി പുതിയ ഇംഗ്ലീഷ് സ്കൂൾ നിർമിക്കുന്നതിനെച്ചൊല്ലി ചർച്ചകൾ ശക്തമാകുന്നു. സ്കൂൾ നിർമിക്കണമെന്ന ആവശ്യവും ഫ്രഞ്ച് ഭാഷാ സംസ്കാരത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നതോടെ വിഷയം ഡീപ്പെ സിറ്റി കൗൺസിലിന്റെ പരിഗണനയിലെത്തി.
ഡീപ്പെയിലെ റൂ പെലാഗി പ്രദേശത്താണ് പുതിയ കെ–12 ആംഗ്ലോഫോൺ സ്കൂൾ നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. നിലവിൽ ഡീപ്പെയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന വിദ്യാർഥികൾക്ക് പഠനസൗകര്യം കുറവാണെന്നും പലർക്കും സമീപ നഗരമായ മോങ്ക്ടണിലേക്ക് ദീർഘദൂര യാത്ര ചെയ്യേണ്ടിവരുന്നുണ്ടെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സ്കൂൾ വേണമെന്ന ആവശ്യം ഉയർന്നത്.
നവംബർ 9-ന് നടന്ന ഡീപ്പെ സിറ്റി കൗൺസിൽ യോഗത്തിൽ ഏകദേശം 100 പേർ പങ്കെടുത്തു. സ്കൂളിനെ അനുകൂലിച്ചും എതിർത്തും രക്ഷിതാക്കളും പ്രദേശവാസികളും അഭിപ്രായങ്ങൾ അറിയിച്ചു. പുതിയ സ്കൂൾ വന്നാൽ കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്ന കുടുംബങ്ങൾ ഡീപ്പെയിലേക്ക് എത്തുമെന്നും ഇത് നഗരത്തിലെ ഫ്രഞ്ച് ഭാഷാ സംസ്കാരത്തെ ബാധിക്കുമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, നിലവിലുള്ള സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതും ക്ലാസ് മുറികളിലെ തിരക്കുമാണ് പുതിയ സ്കൂളിനായുള്ള ആവശ്യത്തിന് കാരണമായത്. ലൂ മക്നരിൻ സ്കൂളിൽ 500 വിദ്യാർഥികൾക്കായി സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും നിലവിൽ 840 വിദ്യാർഥികളാണ് പഠിക്കുന്നത്. കൂടാതെ, 10 താൽക്കാലിക ക്ലാസ് മുറികളും ഉപയോഗിക്കുന്നുണ്ട്. പുതിയ സ്കൂൾ വന്നാൽ വിദ്യാർഥികൾക്ക് കൂടുതൽ പഠനസൗകര്യം ലഭിക്കുമെന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ.
വിഷയത്തിൽ വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ സ്വതന്ത്ര കൺസൾട്ടിങ് സ്ഥാപനത്തെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. ഭാഷാ വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി തയ്യാറാക്കുന്ന പഠനറിപ്പോർട്ട് ഡിസംബറിൽ കൗൺസിലിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് ഭാഷാ സംസ്കാരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇംഗ്ലീഷ് സംസാരിക്കുന്ന കുടുംബങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും പരിഗണിക്കുമെന്ന് മേയർ ഹെലീൻ ബൗഡ്രൂ വ്യക്തമാക്കി.
Also Read : കാത്തിരിപ്പിന് വിരാമം; കാനഡയിൽ സ്ഥിരതാമസ അപേക്ഷകൾ വേഗത്തിലാക്കാൻ ഫെഡറൽ സർക്കാരിന്റെ പുതിയ പദ്ധതി
പുതിയ സ്കൂൾ നിർമാണവുമായി മുന്നോട്ടുപോകണോ എന്ന കാര്യത്തിൽ ഡീപ്പെ സിറ്റി കൗൺസിൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രവിശ്യാ സർക്കാരിന് ശുപാർശ നൽകും. എന്നാൽ സ്കൂളിന്റെ നിർമാണത്തിനും സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുള്ള അന്തിമ തീരുമാനം ന്യൂ ബ്രൺസ്‌വിക് പ്രവിശ്യാ സർക്കാരിനാണ്. ഇതുവരെ നിർമാണത്തിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ക്ലെയർ ജോൺസണും അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





