ന്യൂ ബ്രൺസ്വിക്ക്: ന്യൂ ബ്രൺസ്വിക്കിന്റെ രാഷ്ട്രീയ ഭൂപടത്തിലേക്ക് പുതിയൊരു പാർട്ടി കൂടി കടന്നുവരുന്നു. ‘ന്യൂ ബ്രൺസ്വിക്ക് നൗ’ (New Brunswick Now) എന്ന പുതിയ രാഷ്ട്രീയ പാർട്ടിക്ക് ഇലക്ഷൻസ് എൻ.ബി ഔദ്യോഗിക അംഗീകാരം നൽകി. ഇതോടെ പ്രവിശ്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആറാമത്തെ രാഷ്ട്രീയ പാർട്ടിയായി ‘ന്യൂ ബ്രൺസ്വിക്ക് നൗ’ മാറി. പീറ്റർ ഫിലിപ്സ് ആണ് പാർട്ടിയുടെ പ്രസിഡന്റ്.
ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനാണ് പാർട്ടി പ്രഥമ പരിഗണന നൽകുന്നത്. ആശുപത്രികളിലെ എമർജൻസി റൂം (ER) കാത്തിരിപ്പ് സമയവും ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതക്കുറവും സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകളിൽ നിന്നാണ് ഈ പാർട്ടി രൂപംകൊണ്ടതെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ആരോഗ്യമേഖലയ്ക്ക് പുറമെ വിദ്യാഭ്യാസം, ഹൗസിംഗ് എന്നീ മേഖലകളിലെ പ്രശ്നങ്ങളും പാർട്ടിയുടെ പ്രധാന അജണ്ടയിലുണ്ട്.
Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ
സാധാരണ കണ്ടുവരുന്ന രാഷ്ട്രീയ രീതികൾക്ക് പ്രായോഗികമായ ഒരു ബദൽ നൽകാനാണ് ന്യൂ ബ്രൺസ്വിക്ക് നൗ രൂപീകരിച്ചതെന്ന് പാർട്ടിയുടെ വെബ്സൈറ്റിൽ പറയുന്നു. ഉത്തരവാദിത്തമുള്ള സാമ്പത്തിക ചെലവഴിക്കൽ, പൊതുസേവനങ്ങൾ, അവയ്ക്ക് കരുത്തേകുന്ന സ്വകാര്യ മേഖലയുടെ വളർച്ച എന്നിവയിലായിരിക്കണം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പാർട്ടി വ്യക്തമാക്കുന്നു. ആരോഗ്യ സംവിധാനത്തെ നേരെയാക്കാൻ പ്രതിജ്ഞാബദ്ധരായ ആളുകളെക്കൊണ്ട് നിലവിലെ സർക്കാരിനെ മാറ്റേണ്ട സമയമാണിതെന്നും പാർട്ടിയുടെ വെബ്സൈറ്റിൽ പറയുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





