വിന്നിപെഗ്: എമർജൻസി വിഭാഗത്തിൽ മണിക്കൂറുകളോളം ചികിത്സ ലഭിക്കാതെ കാത്തുകിടന്നതിനെ തുടർന്ന് 55-കാരിയായ സ്റ്റേസി റോസ് മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. മരണത്തെക്കുറിച്ച് അധികൃതർ നടത്തിയ ‘ക്രിട്ടിക്കൽ ഇൻസിഡന്റ്’ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ആശുപത്രിയുടെ ഗുരുതര വീഴ്ചകൾ ഒന്നൊന്നായി പുറത്തുവരുന്നത്. എന്നാൽ ഈ റിപ്പോർട്ട് തങ്ങൾക്ക് ഉത്തരങ്ങൾക്ക് പകരം കൂടുതൽ സംശയങ്ങളും നിരാശയുമാണ് നൽകിയതെന്ന് സ്റ്റേസിയുടെ കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ജനുവരി 3-നാണ് ശക്തമായ നെഞ്ചുവേദനയെ തുടർന്ന് സ്റ്റേസി വിന്നിപെഗിലെ സെന്റ് ബോണിഫേസ് ആശുപത്രിയിലെത്തുന്നത്. എന്നാൽ ഒരു ഡോക്ടറുടെ സേവനം ലഭിക്കാൻ ഇവർക്ക് 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ അതൊരു സാധാരണ വൈറസ് ബാധയാണെന്ന് പറഞ്ഞ് അധികൃതർ ഇവരെ വീട്ടിലേക്ക് അയച്ചു. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജനുവരി 15-ന് ആംബുലൻസിൽ വീണ്ടും ഇതേ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിക്കൂറിലേറെ വീണ്ടും കാത്തുകിടക്കേണ്ടി വന്നു. പരിശോധനയിൽ ന്യൂമോണിയ കണ്ടെത്തിയെങ്കിലും തൊട്ടുപിന്നാലെ ഹൃദയാഘാതം മൂലം സ്റ്റേസി മരിച്ചു.
ആശുപത്രിയിൽ ജീവനക്കാരുടെ രൂക്ഷമായ ക്ഷാമവും സ്ഥലസൗകര്യമില്ലായ്മയുമാണ് ഡോക്ടർമാരുടെ സേവനം ലഭിക്കാൻ 12 മണിക്കൂറോളം വൈകിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, സ്റ്റേസിയുടെ രക്തപരിശോധനയിലെ അപകടകരമായ വ്യതിയാനങ്ങൾ കൃത്യസമയത്ത് തിരിച്ചറിയാനോ മുതിർന്ന ഡോക്ടർമാരെ അറിയിക്കാനോ ജീവനക്കാർക്ക് സാധിച്ചില്ല. മരണം സംഭവിച്ച രാത്രിയിൽ സ്റ്റേസി അനുഭവിച്ച കടുത്ത നെഞ്ചുവേദനയെക്കുറിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ അറിയിക്കുന്നതിലും വീഴ്ച പറ്റി.
അന്വേഷണ റിപ്പോർട്ടിന് പിന്നാലെ, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എമർജൻസി വിഭാഗത്തിൽ കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുമെന്നും നേഴ്സിംഗ് നിരീക്ഷണം ശക്തമാക്കുമെന്നും റീജിയണൽ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി മാനിറ്റോബ ആരോഗ്യ മന്ത്രി ഉസോമ അസഗ്വാരയും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഈ വിശദീകരണങ്ങളൊന്നും തങ്ങളുടെ പ്രിയപ്പെട്ടവളുടെ ജീവൻ തിരികെ തരില്ലെന്ന് സ്റ്റേസിയുടെ സഹോദരി ഷെറി റോസ് പറഞ്ഞു. “ആശുപത്രി അധികൃതർ തെറ്റ് സമ്മതിക്കുന്നുണ്ട്, പക്ഷേ അതുകൊണ്ട് എന്താണ് പ്രയോജനം? എമർജൻസി സംവിധാനങ്ങളിൽ ഇപ്പോഴും യാതൊരു മാറ്റവുമില്ല” – അവർ പ്രതികരിച്ചു.
ALSO READ : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
കാനഡയിലുടനീളം എമർജൻസി വിഭാഗങ്ങളിൽ കാത്തിരിപ്പ് സമയം ഗണ്യമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, പ്രാഥമിക ആരോഗ്യ മേഖലയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും അടിയന്തര പരിഷ്കാരങ്ങൾ വേണമെന്നും കനേഡിയൻ മെഡിക്കൽ അസോസിയേഷൻ (CMA) പ്രസിഡന്റ് ഡോ. ബോലു ഒഗുന്യേമി ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









