മോൺട്രിയൽ: മക്ഗിൽ സർവകലാശാലയിൽ പഠിക്കാനെത്തിയ കൊലപാതകക്കേസ് പ്രതിയെ കറക്ഷണൽ സർവീസ് കാനഡ (CSC) വീണ്ടും കസ്റ്റഡിയിലെടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി കാമ്പസിലെത്തിയത് വലിയ രീതിയിലുള്ള വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചതിനെത്തുടർന്നാണ് അധികൃതരുടെ ഈ നടപടി.
1984-ൽ ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന ക്രൂരമായ കൊലപാതകത്തിലും വധശ്രമത്തിലും ശിക്ഷിക്കപ്പെട്ട ജെഫ്രി എവർട്ട് എന്ന തടവുകാരനാണ് ഈ സെമസ്റ്ററിന്റെ തുടക്കം മുതൽ മക്ഗിൽ സർവകലാശാലയിൽ നിയമപഠനം നടത്തിവന്നിരുന്നത്. കോടതി രേഖകൾ പ്രകാരം, ബാറിൽ നിന്ന് ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു ജെഫ്രി. കൂടാതെ, 15 വയസ്സുള്ള മറ്റൊരു പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് ഓടയിൽ തള്ളിയ കേസിലും ഇയാൾ പ്രതിയാണ്. ഈ ആക്രമണത്തിൽ ഗുരുതരമായി തലച്ചോറിന് പരിക്കേറ്റ പെൺകുട്ടി കാഴ്ചശക്തി നഷ്ടപ്പെട്ട് നിലവിൽ പൂർണ്ണമായി തളർന്ന അവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നത്.
ജെഫ്രിയുടെ കാമ്പസിലെ സാന്നിധ്യം വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയ്ക്കും ഭിന്നതയ്ക്കും കാരണമായി. ഇയാളെ കാമ്പസിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് നാൽപ്പതിലധികം വിദ്യാർത്ഥികൾ ഒപ്പുവെച്ച തുറന്ന കത്തും ഹർജിയും നൽകിയപ്പോൾ, പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തെത്തി.
Also Read: ലോക സമാധാനത്തിന് രാജ്യങ്ങൾ ഒത്തൊരുമിക്കണം: ഐക്യരാഷ്ട്രസഭാ ദിനത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി
വിവാദം ശക്തമായതോടെ, ഉപാധികളോടെയുള്ള ഇയാളുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് സസ്പെൻഷൻ വാറന്റ് പുറപ്പെടുവിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വ്യക്തിയിൽ നിന്നുള്ള സുരക്ഷാ ഭീഷണി മുൻകൂട്ടി കാണാൻ കഴിയാത്ത സാഹചര്യത്തിലോ, മോചന വ്യവസ്ഥകൾ ലംഘിക്കപ്പെടുമ്പോഴോ കസ്റ്റഡിയിലെടുക്കാൻ നിയമമുണ്ടെന്നും, ഇയാളുടെ കാര്യത്തിൽ സമഗ്രമായ പരിശോധന നടന്നു വരികയാണെന്നും സിഎസ്സി വക്താവ് വ്യക്തമാക്കി. സംഭവം വിവാദമായതോടെ സർവകലാശാലയിലെ നിലവിലുള്ള പ്രവേശന ചട്ടങ്ങൾ പുനഃപരിശോധിക്കുമെന്ന് അധികൃതരും അറിയിച്ചു. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ജെഫ്രിയുടെ അഭിഭാഷകൻ തയാറായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





