ഒട്ടാവ : കാനഡയിൽ ജൂൺ മാസത്തിൽ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി കുറഞ്ഞെങ്കിലും ചില പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ ഉപഭോക്തൃ വില സൂചിക കണക്കുകൾ വ്യക്തമാക്കുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ ഫ്രഷ്, ഫ്രോസൺ ചിക്കൻ തുടകളുടെ (Chicken thighs) വിലയിൽ 8.2 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 13.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം വെള്ളരി, തക്കാളി, മുന്തിരി എന്നിവയുടെ വിലയിൽ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ കുറവുണ്ടായിട്ടുണ്ട്.
പോത്തിറച്ചിയുടെ വില ഉയർന്നതിനെ തുടർന്ന് ഉപഭോക്താക്കൾ പകരം കോഴിയറച്ചിയിലേക്ക് മാറിയതും ഡിമാൻഡ് ഉയർന്നതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് ഒന്റാറിയോയിലെ ഗുൽഫ് സർവകലാശാല പ്രൊഫസർ മൈക്കൽ വോൺ മാസോയും ഡൽഹൗസി സർവകലാശാലയിലെ അഗ്രി-ഫുഡ് അനലിറ്റിക്സ് ലാബ് ഡയറക്ടർ സിൽവെയ്ൻ ചാർലെബോയിസും വിലയിരുത്തി.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ വിവരങ്ങൾ പ്രകാരം ജൂണിൽ ചിക്കൻ ബ്രെസ്റ്റ് വിലയിൽ 0.7 ശതമാനം കുറവുണ്ടായപ്പോൾ ഡ്രംസ്റ്റിക് വില 1.8 ശതമാനം വർധിച്ചു. മെയ് മാസത്തിലെ കണക്കുകൾ പ്രകാരം ചിക്കൻ ബ്രെസ്റ്റിന് ശരാശരി കിലോഗ്രാമിന് 14.58 ഡോളറും തുടയ്ക്ക് 13.72 ഡോളറും ഡ്രംസ്റ്റിക്കിന് 7.29 ഡോളറുമായിരുന്നു വില. ബീഫിന്റെ വില മെയ് മാസത്തിൽ കിലോഗ്രാമിന് 16.07 ഡോളർ മുതൽ 35.30 ഡോളർ വരെയായിരുന്നു.
Chicken prices are rising in Canada; demand is increasing in the market, Statistics Canada reports
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





