ഒന്റാരിയോ; അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ കാനഡ ഇടപെടുന്നുവെന്ന ആരോപണം പൂർണ്ണമായും തള്ളി പ്രധാനമന്ത്രി മാർക്ക് കാർണി. വ്യാഴാഴ്ച തുർക്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അമേരിക്ക ഉന്നയിച്ച വാദങ്ങളിൽ ഒരു സത്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കനേഡിയൻ രാഷ്ട്രീയക്കാർ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തലയിടുന്നുണ്ടെന്നും, ഇവർക്കെതിരെ ജാഗ്രത പുലർത്തുന്നുണ്ടെന്നും കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹുക്സ്ട്ര ആരോപിച്ചിരുന്നു.
അമേരിക്കൻ രാഷ്ട്രീയത്തിൽ നിന്ന് കനേഡിയൻ നേതാക്കൾ മാറിനിൽക്കണമെന്ന് ട്രംപ് ഭരണകൂടവും മുന്നറിയിപ്പ് നൽകി. എന്നാൽ അംബാസഡറുടെ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ കടുത്ത നിരാശയുണ്ടെന്ന് കാർണി മറുപടി നൽകി.
അമേരിക്കയുമായി കാനഡയ്ക്ക് ആഴത്തിലുള്ള നയതന്ത്ര ബന്ധമുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
എങ്കിലും തെറ്റിദ്ധാരണകൾ ഒഴിവാക്കാനായി അമേരിക്കയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരോട് അവിടുത്തെ സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിലോ കൂടിക്കാഴ്ചകളിലോ പങ്കെടുക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കാനഡ തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന ചെറിയ സംശയം പോലും ഉണ്ടാകാതിരിക്കാനാണ് ഭരണകൂടം ഈ മുൻകരുതൽ എടുത്തത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





