ഓട്ടവ: ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അഞ്ച് വർഷത്തിനിടെ 2.5 ബില്യൺ ഡോളറും, പോലീസ് സേവനങ്ങൾക്കായി നാല് വർഷത്തിനിടെ 630 മില്യൺ ഡോളറും ചെലവഴിക്കാനാണ് പദ്ധതി.ഫസ്റ്റ് നേഷൻസ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 21 വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയും പ്രവിശ്യാ പ്രീമിയർമാരും മറ്റ് പ്രമുഖ നേതാക്കളും ഒത്തുചേർന്നത്.

ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങളുമായുള്ള ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി 1876-ലെ ഇന്ത്യന്‍ ആക്ട് പരിഷ്കരിക്കാനോ പൂര്‍ണമായി റദ്ദാക്കാനോ സര്‍ക്കാര്‍ തയ്യാറാണെന്ന് കാര്‍ണി പറഞ്ഞു. പുതിയ വരുമാന പങ്കിടല്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്താനും സമ്പത്ത് നിധി സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാനും ധനമന്ത്രിക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതില്‍ മാത്രം രാജ്യതാല്പര്യം ഒതുങ്ങരുതെന്നും തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഗണിക്കണമെന്നും അസംബ്ലി ഓഫ് ഫസ്റ്റ് നേഷന്‍സ് ദേശീയ മേധാവി സിന്‍ഡി വുഡ്ഹൗസ് നെപിനാക് ആവശ്യപ്പെട്ടു. പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു.
ALSO READ: യു.എസ്-കാനഡ വ്യാപാര ചർച്ചകളിൽ നിർണ്ണായക പുരോഗതി; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മാർക്ക് കാർണി
അതേസമയം, യോഗത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് ആരോപിച്ച് കാഹ്നവാക്കെ മൊഹാക് കൗണ്‍സില്‍ ഗ്രാന്‍ഡ് ചീഫ് കോഡി ഡിയാബോ യോഗം നേരത്തേ വിട്ടു. എന്നാല്‍, പ്രഖ്യാപിച്ച നിക്ഷേപങ്ങളും സമ്പത്ത് നിധി രൂപീകരിക്കാനുള്ള സാധ്യതയും പ്രതീക്ഷ നല്‍കുന്നതാണെന്ന് അസംബ്ലി ഓഫ് ഫസ്റ്റ് നേഷന്‍സിന്റെ ഒന്റാരിയോ റീജിയണല്‍ ചീഫ് എബ്രഹാം ബെനഡിക്ട് പറഞ്ഞു.
യോഗം വര്‍ഷംതോറും നടത്തണമെന്ന ആവശ്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ല. അടുത്ത യോഗം രണ്ടുവര്‍ഷത്തിനുശേഷം നടത്തുന്നതാണ് ഉചിതമെന്ന് കാര്‍ണി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Carney Announces $2.5B for First Nations’




