ന്യൂ ബ്രൺസ്വിക്ക്: നാറ്റോ (NATO) സഖ്യരാജ്യങ്ങളുടെ സ്ഫോടകവസ്തു ലഭ്യത ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ബെൽഡൂണിൽ വമ്പൻ ടി.എൻ.ടി (TNT) ഉത്പാദന പ്ലാന്റ് നിർമ്മിക്കാൻ പ്രൈവറ്റ് സ്ഥാപനമായ നാലാഗാക്സ് കോർപ്പറേഷൻ (Nalagx Corp) പദ്ധതിയിടുന്നു. പാശ്ചാത്യ രാജ്യങ്ങൾ നിലവിൽ നേരിടുന്ന പ്രതിരോധ വിതരണ ശൃംഖലയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാനും, പ്രതിരോധ മേഖലയിൽ കാനഡയുടെ സ്ഥാനം വീണ്ടെടുക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് കമ്പനി സി.ഇ.ഒ പാട്രിക് ഗാങ്നൻ വ്യക്തമാക്കി.

നിലവിൽ പോളണ്ട് കേന്ദ്രീകരിച്ചുള്ള നിർമ്മാണ ശാലയെ മാത്രം ആശ്രയിച്ച് പ്രതിവർഷം 10,000 മുതൽ 12,000 ടൺ വരെ ടി.എൻ.ടിയാണ് നാറ്റോ രാജ്യങ്ങൾ ആകെ ഉപയോഗിക്കുന്നത്. എന്നാൽ ബെൽഡൂണിൽ വരുന്ന പുതിയ പ്ലാന്റിലൂടെ പ്രതിവർഷം 10,000 ടൺ ടി.എൻ.ടി കൂടി അധികമായി ഉത്പാദിപ്പിക്കാൻ കഴിയും. 2027 അവസാനത്തോടെ നിർമ്മാണം ആരംഭിച്ച് 2030-ഓടെ പ്ലാന്റ് പൂർണ്ണമായി സജ്ജമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 250 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി, വികസന ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ ആയിരത്തോളം പേർക്ക് തൊഴിൽ നൽകും.
ALSO READ: കാനഡയിലെ വിദേശ തൊഴിലാളിയാണോ? ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന രണ്ട് നിർണായക നിയമങ്ങൾ അറിയാം
പദ്ധതിക്കായി ന്യൂ ബ്രൺസ്വിക് സർക്കാർ ആറ് ചതുരശ്ര കിലോമീറ്റർ ഭൂമി വിട്ടുകൊടുത്തിട്ടുണ്ട്. ബെൽഡൂൺ ആഴക്കടൽ തുറമുഖം, റെയിൽവേ, മികച്ച റോഡ് സൗകര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് ഈ പ്രദേശം തെരഞ്ഞെടുത്തത്. ഇവിടെ നിർമ്മിക്കുന്ന സ്ഫോടകവസ്തുക്കളുടെ 30 മുതൽ 40 ശതമാനം വരെ കാനഡയിലെ ഖനന, നിർമ്മാണ മേഖലകൾക്കായി നീക്കിവെക്കുമെന്നും ബാക്കി ഭാഗം പീരങ്കി ഉണ്ടകളും ബോംബുകളും ഉൾപ്പെടെയുള്ള സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




