ഫ്രെഡറിക്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ നിർണ്ണായക വിജയം ഭാവിയിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലെ വ്യവസായ മേഖല. യുഎസ് ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയെങ്കിലും, ട്രംപ് ഭരണകൂടത്തിന് കീഴിൽ പെട്ടെന്നൊരു മാറ്റം പ്രതിതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എങ്കിലും, അമേരിക്കൻ വിപണിയെ വൻതോതിൽ ആശ്രയിക്കുന്ന ന്യൂ ബ്രൺസ്വികിന് വരും ദിവസങ്ങളിൽ വ്യാപാര നയങ്ങളിൽ ഇളവുകൾ ലഭിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധനായ ഹെർബ് എമറി അഭിപ്രായപ്പെട്ടു.
തൊട്ടടുത്ത യുഎസ് സംസ്ഥാനമായ മെയ്നിൽ കാനഡയുമായുള്ള വ്യാപാര തർക്കങ്ങൾ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിരുന്നു. കാനഡയിൽ നിന്നുള്ള ചില കാർഷിക-വന ഉൽപ്പന്നങ്ങളുടെ 50 ശതമാനം താരിഫ് ഒഴിവാക്കാൻ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിരുന്നു. അയൽ സംസ്ഥാനത്തെ പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസിനെ സഹായിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നടപടിയെങ്കിലും തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ട്രോയ് ജാക്സണോട് അവർ പരാജയപ്പെടുകയായിരുന്നു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രതിനിധികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി ന്യൂ ബ്രൺസ്വിക് പ്രീമിയർ സൂസൻ ഹോൾട്ട് വ്യക്തമാക്കി. പുതിയ ഭരണ നേതൃത്വം പ്രവിശ്യയിലെ സംരംഭകർക്കും തൊഴിലാളികൾക്കും അനുകൂലമായ വ്യാപാര അന്തരീക്ഷം ഒരുക്കുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു. അതേസമയം, അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും വ്യാപാര മേഖല വൈവിധ്യവൽക്കരിക്കാനുള്ള കാനഡയുടെ നീക്കങ്ങളിൽ മാറ്റമില്ലെന്ന് കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അറിയിച്ചു.
Also Read: വർഷത്തിൽ രണ്ടുതവണയുള്ള ക്ലോക്ക് മാറ്റം:അഭിപ്രായം അറിയിക്കാൻ സർവേയുമായി സർക്കാർ
മറുവശത്ത്, നിലവിലുള്ള യുഎസ് നിയമങ്ങൾ അനുസരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് താരിഫുകൾ നിലനിർത്താനോ പുതിയവ ഏർപ്പെടുത്താനോ ഇനിയും അധികാരമുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ താരിഫുകൾ തങ്ങളുടെ ബിസിനസിനെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ന്യൂ ബ്രൺസ്വികിലെ 43 ശതമാനം ചെറുകിട സ്ഥാപനങ്ങളും വ്യക്തമാക്കുന്നു. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും ബിസിനസ്സ് അടച്ചുപൂട്ടേണ്ടി വരുമെന്നുമാണ് സംരംഭകരുടെ ആശങ്ക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





