മോങ്ക്ടൺ: മോങ്ക്ടൺ നഗരസഭയുടെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് കൗൺസിൽ അംഗീകാരം നൽകി. അടുത്ത വർഷത്തേക്ക് 396 ദശലക്ഷത്തിലധികം ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ ജനവാസ മേഖലകളിലെ പ്രോപ്പർട്ടി ടാക്സ് നിരക്കുകളിൽ കുറവുവരുത്തിയിട്ടുണ്ട്. എങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രോപ്പർട്ടി അസസ്മെന്റ് മൂല്യം ഉയർന്നതിനാൽ മിക്ക വീടുടമകൾക്കും നികുതി തുകയിൽ ശരാശരി 3.2 ശതമാനത്തിന്റെ വർദ്ധനവുണ്ടാകും.
പുതിയ പ്രോപ്പർട്ടി ഉടമകളിൽ ചിലർക്ക് ബിൽ തുകയിൽ ഇളവ് ലഭിച്ചേക്കുമെങ്കിലും ഭൂരിഭാഗം പേർക്കും സാമ്പത്തിക ബാധ്യത ഉയരാനാണ് സാധ്യത. പൊതുസുരക്ഷയ്ക്കും നഗര സൗകര്യങ്ങൾക്കും മുൻഗണന നൽകുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ. 10 പുതിയ ഫയർ ഫൈറ്റർമാർ, 6 കോഡിയാക് റീജിയണൽ ആർ.സി.എം.പി ഉദ്യോഗസ്ഥർ, 4 കമ്മ്യൂണിറ്റി സേഫ്റ്റി ഓഫീസർമാർ എന്നിവരുടെ തസ്തികകൾ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
നികുതി നിരക്ക് കുറയ്ക്കുന്നതിനൊപ്പം പൊതുജന സുരക്ഷ ഉറപ്പാക്കുക എന്ന ജനങ്ങളുടെ പ്രധാന ആവശ്യത്തിനാണ് ബജറ്റിൽ ഊന്നൽ നൽകിയതെന്ന് മേയർ ഷാൺ ക്രോസ്മാൻ അറിയിച്ചു. ജനവാസ മേഖലകളിലെ നികുതി നിരക്ക് 100 ഡോളർ അസസ്മെന്റ് മൂല്യത്തിന് 8 സെന്റ് കുറച്ച് 1.2779 ഡോളറാക്കി പുനർനിർണ്ണയിച്ചു. പൊതുഗതാഗതം, ക്രമസമാധാനം, സ്കൂളുകൾക്ക് സമീപത്തെ മഞ്ഞുനീക്കൽ, ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പുതിയ ജീവനക്കാരുടെ നിയമനം എന്നിവയ്ക്കായി ബജറ്റിൽ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.
Also Read: കാലാവസ്ഥ മാറുന്നു, കാനഡയിൽ നവംബറിലും വിട്ടുമാറാതെ കൊതുകുശല്യം; പിന്നിൽ എൽ നിനോ പ്രതിഭാസം?
253 ദശലക്ഷം ഡോളറിന്റെ പ്രവർത്തന ബജറ്റിനും 94.6 ദശലക്ഷം ഡോളറിന്റെ ക്യാപിറ്റൽ ബജറ്റിനും പുറമെ 49.3 ദശലക്ഷം ഡോളറിന്റെ യൂട്ടിലിറ്റീസ് ബജറ്റിനുമാണ് അനുമതി ലഭിച്ചത്. അതേസമയം നഗരത്തിലെ കുടിവെള്ള, ഓവുചാൽ നിരക്കുകളിൽ 2.46 ശതമാനത്തിന്റെ ചെറിയ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി ശരാശരി ഒരു കുടുംബത്തിന് പ്രതിവർഷം 1,166 ഡോളറോളം കുടിവെള്ള നിരക്ക ഇനത്തിൽ ചെലവ് വരും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





