ഒന്റാറിയോ: കാനഡയിലെ പ്രമുഖ ടെലികോം കമ്പനികളായ റോജേഴ്‌സ്, ബെൽ, ടെലസ് എന്നിവയുടെ മോശം കസ്റ്റമർ കെയർ സേവനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അമ്മയുടെ അക്കൗണ്ടിൽ അധികമായി വന്ന 25 ഡോളർ ബില്ലിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു മണിക്കൂറോളം ഫോണിൽ കാത്തിരിക്കേണ്ടി വന്ന ഒന്റാറിയോ സ്വദേശി ഫ്രാങ്ക് ബ്രൗണാണ് ഇപ്പോൾ ഇതിനെതിരെ പോരാട്ടം നയിക്കുന്നത്.
കസ്റ്റമർ കെയർ പ്രതിനിധിയുമായി സംസാരിക്കാൻ പരമാവധി 10 മിനിറ്റിനുള്ളിൽ അവസരം നൽകണമെന്ന് ഫെഡറൽ സർക്കാർ നിയമം കൊണ്ടുവരണമെന്നാണ് ബ്രൗണിന്റെ ആവശ്യം. ഇതിനായി അദ്ദേഹം ആരംഭിച്ച ഓൺലൈൻ നിവേദനത്തിൽ 1,200-ലധികം പേരും പാർലമെന്ററി നിവേദനത്തിൽ 425 പേരും ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. നവംബർ 26-നകം 500 ഒപ്പുകൾ തികഞ്ഞാൽ സർക്കാർ ഇതിന് ഔദ്യോഗികമായി മറുപടി നൽകേണ്ടി വരും.
2025-26 വർഷത്തിൽ ടെലികോം പരാതികളിൽ 79 ശതമാനം വർധനവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജീവനക്കാരെ വെട്ടിക്കുറച്ചതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മേഖലയിലെ വിദഗ്ധനായ മുഹമ്മദ് ഹലാബി ചൂണ്ടിക്കാട്ടുന്നു. സ്പെയിനിൽ 3 മിനിറ്റിനുള്ളിൽ കസ്റ്റമർ കെയർ പ്രതിനിധിയെ ലഭിക്കണമെന്ന നിയമം നിലവിലുണ്ടെന്നും, കാനഡയിലും സമാനമായ കർശന മാനദണ്ഡങ്ങൾ അനിവാര്യമാണെന്നും ബ്രൗൺ പറയുന്നു.
Also Read: കാനഡയിൽ ഈ മാസം ഇനി വരാനിരിക്കുന്നത് നിരവധി പേയ്‌മെന്റുകൾ; ആനുകൂല്യങ്ങളും തീയതികളും അറിയാം
അതേസമയം, ശരാശരി കാത്തിരിപ്പ് സമയം 7 മിനിറ്റാണെന്നാണ് റോജേഴ്‌സിന്റെ വിശദീകരണം. എന്നാൽ കോൾ കട്ട് ചെയ്ത് പോകുന്നവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത ആഴ്ച നടക്കുന്ന സി.ആർ.ടി.സി (CRTC) ഹിയറിംഗിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ വിഷയം ഉന്നയിക്കാനൊരുങ്ങുകയാണ് ഫ്രാങ്ക് ബ്രൗൺ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





