ഓട്ടവ: പാഠപുസ്തകങ്ങൾക്കപ്പുറം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കൂടി സമൂഹത്തിലേക്ക് എത്തിച്ച് ശ്രദ്ധേയയാവുകയാണ് കാനഡയിലെ 17-കാരിയായ മെലഡി സിൽവ. ഡോക്യുമെന്ററി നിർമ്മാണം, നാടകാവതരണം, സ്കൂൾ തലത്തിലുള്ള പ്രായോഗിക പദ്ധതികൾ എന്നിവയിലൂടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായൊരു ബോധവൽക്കരണമാണ് ഈ വിദ്യാർത്ഥിനി നടത്തുന്നത്.
ബ്രിട്ടീഷ് കൊളംബിയയിലെ സാൽമൺ മത്സ്യസമ്പത്തിനെ മത്സ്യകൃഷി എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് 2024-ൽ മെലഡി സംവിധാനം ചെയ്ത് നിർമ്മിച്ച ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തദ്ദേശീയ ഗോത്രവർഗ്ഗ മൂപ്പന്മാരുമായും പരിസ്ഥിതി പ്രവർത്തകരുമായും നടത്തിയ അഭിമുഖങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ചിത്രം തയ്യാറാക്കിയത്. ഇതിനുപുറമെ, നാഷണൽ ആർട്സ് സെന്ററിൽ നടന്ന കനേഡിയൻ ഇംപ്രൊവ് ഗെയിംസ് ദേശീയ ഫൈനലിൽ കാലാവസ്ഥാ അനീതിക്കെതിരെ നാടകം അവതരിപ്പിച്ചും മെലഡി രാജ്യവ്യാപകമായി പ്രേക്ഷകരിലേക്ക് തന്റെ ആശയങ്ങൾ എത്തിച്ചു.
Also Read: കാനഡയിൽ ഈ മാസം ഇനി വരാനിരിക്കുന്നത് നിരവധി പേയ്‌മെന്റുകൾ; ആനുകൂല്യങ്ങളും തീയതികളും അറിയാം
ഗൾഫ് ഐലൻഡ്സ് സെക്കൻഡറി സ്കൂളിലെ ‘എർത്ത് ക്ലബ്ബ്’ പുനരുജ്ജീവിപ്പിച്ച മെലഡി, മാലിന്യം കുറയ്ക്കുന്നതിനായി വസ്ത്രങ്ങളുടെയും സമ്മാനങ്ങളുടെയും കൈമാറ്റ മേളകളും റിപ്പയർ കഫേകളും സംഘടിപ്പിച്ചു. സ്കൂളിൽ സ്ഥിരമായ പ്ലാസ്റ്റിക് റീസൈക്ലിംഗ് സംവിധാനം നടപ്പിലാക്കാനുള്ള പരിശ്രമത്തിലുമാണ് ഈ മിടുക്കി. മിയേഴ്സ് ഐലൻഡ് മരംമുറി വിരുദ്ധ സമരത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്ന മുത്തച്ഛന്റെ പ്രവർത്തനങ്ങളാണ് മെലഡിക്ക് പ്രചോദനമായത്.
സോൾട്ട് സ്പ്രിംഗ് ക്ലൈമറ്റ് അഡാപ്റ്റേഷൻ റിസർച്ച് ലാബിന് കീഴിൽ മണ്ണിലെ സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള പ്രാഥമിക ഗവേഷണത്തിനും മെലഡി നേതൃത്വം നൽകിയിട്ടുണ്ട്. വിക്ടോറിയ സർവ്വകലാശാലയിൽ ഭൂമിശാസ്ത്രവും പരിസ്ഥിതി പഠനവും പൂർത്തിയാക്കിയ ശേഷം പരിസ്ഥിതി അഭിഭാഷകയാകാനാണ് മെലഡി സിൽവ ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





