ടൊറന്റോ: 2026-ൽ കാനഡയിലെ ആഡംബര ഭവന വിപണിയെ പണപ്പെരുപ്പവും, വ്യാപാര യുദ്ധ ഭീതിയും, പലിശനിരക്കുകളിലെ അനിശ്ചിതത്വവും, സാരമായി ബാധിച്ചതായി റിപ്പോർട്ട്. സാമ്പത്തിക ആശങ്കകൾ കാരണം സമ്പന്നരായ ഉപഭോക്താക്കൾ പോലും വീടുകൾ വാങ്ങാൻ മടിച്ചുനിൽക്കുകയാണെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും 2027-ൽ വിപണി വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഏജൻസികൾ.
വിലപേശാൻ അവസരമുണ്ടായിട്ടും തങ്ങൾ ഉദ്ദേശിക്കുന്ന വില ലഭിക്കാതെ വീടുകൾ വിൽക്കാൻ ഉടമകൾ തയ്യാറാകാത്തതാണ് നിലവിലെ വിപണിയുടെ പ്രത്യേകതയെന്ന് എംഗൽ ആൻഡ് വോൾക്കേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വാൻകൂവറിൽ നാലു മില്യൺ ഡോളറിന് മുകളിലുള്ള വീടുകളുടെ വിൽപ്പനയിൽ വലിയ ഇടിവുണ്ടായി. ടൊറന്റോയിൽ മൂന്നു മില്യൺ ഡോളറിന് മുകളിലുള്ള വീടുകളുടെ വിൽപ്പന 9.4 ശതമാനവും വാൻകൂവറിൽ 17 ശതമാനവും കുറഞ്ഞു. ഏപ്രിൽ ഒന്നു മുതൽ ടൊറന്റോയിൽ നടപ്പാക്കിയ ഉയർന്ന ഭൂമി കൈമാറ്റ നികുതിയും വിപണിയെ ബാധിച്ചു.
Also Read: കാനഡയിൽ ഈ മാസം ഇനി വരാനിരിക്കുന്നത് നിരവധി പേയ്‌മെന്റുകൾ; ആനുകൂല്യങ്ങളും തീയതികളും അറിയാം
അതേസമയം, ബർലിംഗ്ടൺ, കാൽഗറി തുടങ്ങിയ ചെറുകിട വിപണികളിൽ ആഡംബര വീടുകളുടെ വിൽപ്പനയിൽ ഇരുപത് ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. ടൊറന്റോയിലെ അതിസമ്പന്നർക്കായുള്ള പത്തു മില്യൺ ഡോളറിന് മുകളിലുള്ള വീടുകളുടെ വിൽപ്പനയിലും വലിയ കുതിപ്പുണ്ടായി. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനുള്ളിൽ ഇത്തരം 15 വീടുകളാണ് വിറ്റുപോയത്; കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
വിദേശ പൗരന്മാർക്ക് വീട് വാങ്ങുന്നതിനുള്ള നിരോധനം 2029 വരെ നീട്ടാനുള്ള ഫെഡറൽ സർക്കാരിന്റെ നീക്കവും ബ്രിട്ടീഷ് കൊളംബിയയിലെ 20 ശതമാനം വിദേശ നികുതിയും നിക്ഷേപകരെ അകറ്റുന്നതായി ബ്രോക്കർമാർ പറയുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രതയോടെയാണ് പണം നിക്ഷേപിക്കുന്നത്. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സർക്കാർ നടപടിയെടുത്താൽ മാത്രമേ വിപണിയിൽ ശരിയായ ഉണർവ് ഉണ്ടാകൂ എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





