ടൊറന്റോ: വടക്കുകിഴക്കൻ ഒന്റാറിയോയിൽ വേഗത്തിൽ നടപ്പിലാക്കാൻ പ്രവിശ്യാ സർക്കാർ ലക്ഷ്യമിടുന്ന സ്വർണ്ണഖനി പദ്ധതിയെച്ചൊല്ലി തർക്കം മുറുകുന്നു. പ്രാദേശിക തദ്ദേശീയ വിഭാഗമായ അപിറ്റിപി അനിസിനാപെക് നേഷനുമായി ‘ഇംപാക്ട് ബെനിഫിറ്റ് കരാർ’ ഒപ്പിടാതെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. കരാറില്ലാതെ ഖനി അനുവദിക്കില്ലെന്നും വീറ്റോ അധികാരം ഉപയോഗിക്കുമെന്നും തദ്ദേശീയ വിഭാഗം മുന്നറിയിപ്പ് നൽകി. എന്നാൽ നിയമപരമായി ഇവർക്ക് വീറ്റോ അധികാരമില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.
മെയ്ഫെയർ ഗോൾഡ് കോർപ്പറേഷന്റെ ഫെൻ-ഗിബ് സ്വർണ്ണഖനി ‘വൺ പ്രോജക്ട്, വൺ പ്രോസസ്’ ചട്ടക്കൂടിൽ ഉൾപ്പെടുത്തിയതായി നവംബർ രണ്ടിന് ഒന്റാറിയോ ഊർജ്ജ-ഖനി മന്ത്രി സ്റ്റീഫൻ ലെസെ പ്രഖ്യാപിച്ചിരുന്നു. അനുമതികൾക്കായുള്ള കാലതാമസം പകുതിയായി കുറച്ച് രണ്ടുവർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വികസന പദ്ധതികൾക്ക് മുൻപ് തദ്ദേശീയ വിഭാഗങ്ങളുമായി കൂടിയാലോചിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയെ ഇത് ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
Also Read: കാനഡയിൽ ഈ മാസം ഇനി വരാനിരിക്കുന്നത് നിരവധി പേയ്മെന്റുകൾ; ആനുകൂല്യങ്ങളും തീയതികളും അറിയാം
നിലവിൽ ധാതുപര്യവേക്ഷണത്തിനുള്ള കരാർ മാത്രമാണ് കമ്പനി ഒപ്പിട്ടിട്ടുള്ളത്. ഖനിയിൽ നിന്നുള്ള ലാഭവിഹിതം, തദ്ദേശീയർക്കുള്ള തൊഴിലവസരങ്ങൾ, മാലിന്യ സംസ്കരണം എന്നിവ ഉറപ്പാക്കുന്ന അന്തിമ കരാറിൽ ഇനിയും തീരുമാനമായിട്ടില്ല. ഖനന വ്യവസായത്തിൽ നിന്ന് മുൻകാലങ്ങളിലുണ്ടായ കയ്പേറിയ അനുഭവങ്ങൾ കാരണം അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് മുഖ്യ മധ്യസ്ഥൻ ലാൻസ് ബ്ലാക്ക് പറഞ്ഞു.
കരാർ ഒപ്പിടാതെ ഖനി മുന്നോട്ട് പോകില്ലെന്നും അന്തിമ തീരുമാനം തങ്ങളുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു കമ്പനികളുമായി ഏഴ് കരാറുകളിൽ ഒപ്പിട്ടിട്ടുണ്ടെന്നും അതിലൂടെ ലഭിക്കുന്ന പണം സമൂഹത്തിന്റെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, പദ്ധതിക്ക് അംഗീകാരം ലഭിക്കാൻ തദ്ദേശീയ വിഭാഗങ്ങളുമായുള്ള കരാർ നിയമപരമായി നിർബന്ധമില്ലെന്ന് അഭിഭാഷകൻ റോബിൻ ജംഗർ ചൂണ്ടിക്കാട്ടി.
കൂടിയാലോചന നടത്തണമെന്നല്ലാതെ പദ്ധതി തടയാൻ തദ്ദേശീയർക്ക് വീറ്റോ അധികാരമില്ലെന്ന് കനേഡിയൻ സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഇത്തരം തിരക്കിട്ട നീക്കങ്ങൾ ഭാവിയിൽ വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്ന് നിയമവിദഗ്ധ കേറ്റ് ഗൺ മുന്നറിയിപ്പ് നൽകുന്നു. പദ്ധതിയുടെ തുടക്കത്തിൽ തന്നെ തദ്ദേശീയരുടെ സമ്മതം തേടുന്നതാണ് ഉചിതമെന്നും അവർ അഭിപ്രായപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





