ടൊറന്റോ: കുടിയേറ്റ നയത്തില്‍ കൂടുതല്‍ അധികാരം ആവശ്യപ്പെട്ട് കാനഡയിലെ പ്രവിശ്യകള്‍ രംഗത്ത്. ആല്‍ബര്‍ട്ടയില്‍ നടന്ന ഹിതപരിശോധനയില്‍ കുടിയേറ്റ പരിഷ്കരണത്തെ അനുകൂലിച്ച് ഏകദേശം 10 ലക്ഷം പേര് വോട്ട് ചെയ്തതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്. പ്രാഥമികവും നിയമപരമായി നിര്‍ബന്ധമില്ലാത്തതുമായ ഫലങ്ങളാണിത്.
കുടിയേറ്റത്തിന്റെ ആകെ വാര്‍ഷിക പരിധി നിശ്ചയിക്കുന്നതും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതും ഫെഡറല്‍ സര്‍ക്കാരാണ്. എന്നാല്‍ പ്രവിശ്യാ നോമിനി പദ്ധതികളിലൂടെ സാമ്പത്തിക കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്നതില്‍ പ്രവിശ്യകള്‍ക്കും പങ്കുണ്ട്. കുടിയേറ്റക്കാരുടെ എണ്ണം മാത്രമല്ല, തങ്ങളുടെ തൊഴില്‍മേഖലകള്‍ക്ക് ആവശ്യമായ വിദഗ്ധരെ തിരഞ്ഞെടുക്കുന്നതിലും കൂടുതല്‍ അധികാരമാണ് പ്രവിശ്യകള്‍ ആവശ്യപ്പെടുന്നത്.
ക്യുബെക്കിന് നിലവില്‍ പ്രത്യേക അധികാരങ്ങളുണ്ട്. സ്വന്തം കുടിയേറ്റ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും സാമ്പത്തിക കുടിയേറ്റക്കാരെ തിരഞ്ഞെടുക്കാനും കുടിയേറ്റക്കാരുടെ പുനരധിവാസ സേവനങ്ങള്‍ നടത്താനും പ്രവിശ്യയ്ക്ക് അധികാരമുണ്ട്. ഇതിന് സമാനമായ കരാര്‍ ആല്‍ബര്‍ട്ടയ്ക്കും ലഭിക്കുമോയെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമായ മറുപടി നല്‍കിയില്ല. ക്യുബെക്കിന്റെ മാതൃകയില്‍ ഫെഡറല്‍ സര്‍ക്കാരുമായി പുതിയ കരാറുണ്ടാക്കാന്‍ ആല്‍ബര്‍ട്ട ആലോചിക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും നിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്നും അവര്‍ വ്യക്തമാക്കി.
കൂടുതല്‍ കുടിയേറ്റക്കാരെ ആവശ്യപ്പെടുന്ന പ്രവിശ്യകളില്‍ ആല്‍ബര്‍ട്ട മാത്രമല്ല ഉള്ളത്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂഫൗണ്ട്ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, സസ്കാച്വാന്‍ എന്നിവയും കുടിയേറ്റ തീരുമാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ തൊഴില്‍വിപണിയുടെ ആവശ്യങ്ങള്‍ അറിയുന്നതിനാല്‍ വിദഗ്ധ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ അധികാരം വേണമെന്നാണ് ഇവരുടെ നിലപാട്.
അതേസമയം, കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചയും അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളുടെ കുറവും കണക്കിലെടുത്ത് കുടിയേറ്റത്തിന്റെ എണ്ണം നേരിയ തോതില്‍ ഉയര്‍ത്തുന്നത് ഫെഡറല്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ധന സുസ്ഥിരമായിരിക്കുമെന്ന് കാര്‍ണി വ്യക്തമാക്കി.
പ്രവിശ്യകളിലെ പ്രീമിയര്‍മാര്‍ തിങ്കളാഴ്ച ഓട്ടവയില്‍ കൂടിക്കാഴ്ച നടത്തും. കുടിയേറ്റ നയത്തിലെ മാറ്റങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയമായേക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





