സ്ട്രാസ്ബർഗ്: കാനഡയെ യൂറോപ്യൻ യൂണിയന്റെ (EU) ആദ്യ ‘അസോസിയേറ്റ് അംഗ’മാക്കാനുള്ള സാധ്യത ചർച്ചയാകുന്നു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ ആണ് നിർദേശം മുന്നോട്ടുവച്ചത്. യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി യൂറോപ്യൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകൾക്കിടെയാണ് നീക്കം.
കാനഡയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. നിർണായക ധാതുക്കൾ, പ്രതിരോധം, കൃത്രിമബുദ്ധി, ഊർജം, ബഹിരാകാശം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതാണ് ചർച്ച. നിലവിലുള്ള വ്യാപാര-പ്രതിരോധ ബന്ധങ്ങൾക്ക് പുറമേ പുതിയ പങ്കാളിത്തം രൂപപ്പെടുത്താനാണ് ശ്രമം. എന്നാൽ അസോസിയേറ്റ് അംഗത്വത്തിലേക്ക് കാനഡ ഇതുവരെ എത്തിയിട്ടില്ലെന്ന് കാനഡയുടെ നിയുക്ത അംബാസഡർ ജോനാഥൻ വിൽക്കിൻസൺ വ്യക്തമാക്കി. നിലവിൽ കൃത്യമായ ഫലങ്ങൾ ഉണ്ടാക്കുന്ന സഹകരണത്തിനാണ് കാനഡ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ പാർലമെന്റിലെ റിന്യൂ യൂറോപ്പ് ഗ്രൂപ്പും കാനഡയുമായുള്ള അടുത്ത ബന്ധത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, കാനഡയിലെ പ്രതിപക്ഷ നേതാവ് പിയർ പൊയ്ലിവർ കാനഡയ്ക്ക് ഇതിനകം തന്നെ യൂറോപ്യൻ രാജ്യങ്ങളുമായി ശക്തമായ വ്യാപാര-പ്രതിരോധ ബന്ധങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. കാനഡയുടെ പരമാധികാരം സംരക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര തർക്കങ്ങൾക്കിടയിലാണ് കാനഡയുടെ യൂറോപ്യൻ ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കം. കാനഡ–EU ബന്ധം പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് അസോസിയേറ്റ് അംഗത്വ ചർച്ചയെ വിലയിരുത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









