ഒട്ടാവ: കാനഡയിലെ കുടിയേറ്റ അപേക്ഷകളുടെ നടപടിക്രമങ്ങളിൽ ഉണ്ടാകുന്ന നീണ്ട കാലതാമസത്തിനെതിരെ ഫെഡറൽ കോടതി നാല് സുപ്രധാന വിധികൾ പുറപ്പെടുവിച്ചു. 2026 നവംബർ 10നും 23നും ഇടയിൽ പുറപ്പെടുവിച്ച വിധികളിൽ പഠനാനുമതി, ഓപ്പൺ വർക്ക് പെർമിറ്റ്, സ്ഥിരതാമസം, പൗരത്വം തുടങ്ങിയ അപേക്ഷകളിൽ തീരുമാനമെടുക്കാൻ IRCCയ്ക്ക് 60 മുതൽ 90 ദിവസം വരെ സമയപരിധി നൽകി.
സുരക്ഷാ പരിശോധന പൂർത്തിയാകാത്തതാണ് പല അപേക്ഷകളും വർഷങ്ങളോളം വൈകാൻ കാരണമായത്. എന്നാൽ പരിശോധന തുടരുകയാണെന്ന പൊതുവായ വിശദീകരണം മാത്രം നൽകി കാലതാമസം ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കനേഡിയൻ പൗരത്വത്തിന് 2023 ഒക്ടോബറിൽ അപേക്ഷിച്ച ഹസൻ ഹുസൈൻ കബയുടെ കേസ് ഇതിലൊന്നാണ്. ഏകദേശം 37 മാസത്തോളം അപേക്ഷയിൽ തീരുമാനമുണ്ടായില്ല. സുരക്ഷാ പരിശോധന നീണ്ടുപോയതിന് IRCC മതിയായ വിശദീകരണം നൽകിയിട്ടില്ലെന്ന് കണ്ടെത്തിയ കോടതി 60 ദിവസത്തിനകം തീരുമാനമെടുക്കാൻ ഉത്തരവിട്ടു.
ന്യൂ ബ്രൺസ്വിക്കിന്റെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിച്ച പവൽ ബെലെനികിനും മൂന്ന് വർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു. 2023 ഒക്ടോബറിൽ സമർപ്പിച്ച അപേക്ഷയിൽ തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. നവംബർ 12ലെ വിധിയിൽ 90 ദിവസത്തിനകം തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു.
റഷ്യൻ പൗരനായ ആർസെൻ ബിസുൽത്തനോവും കുടുംബവും 2021 മേയിൽ സമർപ്പിച്ച സ്ഥിരതാമസ അപേക്ഷയിൽ അഞ്ച് വർഷത്തിലേറെയായിട്ടും തീരുമാനമുണ്ടായില്ല. സുരക്ഷാ പരിശോധനയിലെ കാലതാമസത്തിന് മതിയായ വിശദീകരണമില്ലെന്ന് കണ്ടെത്തിയ കോടതി 90 ദിവസത്തെ സമയപരിധി നൽകി. ഇറാനിയൻ പൗരയായ മലിഹെ എസ്മൈലിബൂസ്ജിനും ഭർത്താവിനും സമർപ്പിച്ച പഠനാനുമതി, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകളിലും കോടതി ഇടപെട്ടു. ഏകദേശം മൂന്ന് വർഷമായി തീരുമാനമാകാത്ത അപേക്ഷകളിൽ 90 ദിവസത്തിനകം നടപടി പൂർത്തിയാക്കാനാണ് നവംബർ 23ലെ ഉത്തരവ്.
Also Read: NLPNP/AIP ഡ്രോ: 2026 നവംബർ 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
ഇത്തരം സാഹചര്യങ്ങളിൽ അപേക്ഷകർക്ക് ഫെഡറൽ കോടതിയിൽ ‘mandamus’ ഉത്തരവ് തേടാം. എന്നാൽ ഇതിലൂടെ അപേക്ഷ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പില്ല. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന നിർദേശം മാത്രമാണ് കോടതി നൽകുന്നത്. 2025ൽ കാനഡയിലെ ഇമിഗ്രേഷൻ ജുഡീഷ്യൽ റിവ്യൂ അപേക്ഷകളിൽ ഏകദേശം 25 ശതമാനവും ഇത്തരത്തിലുള്ള mandamus അപേക്ഷകളായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





